സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കും, വി.ശിവന്‍കുട്ടി;

വെബ് ഡസ്ക് :-സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തുന്നതോടെയാണ് ഭക്ഷണവിതരണം വീണ്ടും ആരംഭിക്കുന്നത്. ജില്ലാ കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ പങ്കെടുത്തു.



ആദിവാസി, തീര, മലയോര മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില അധ്യാപകര്‍ ഉറപ്പുവരുത്തണം. ഈ മാസം 18, 19, 20 തീയതികളില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാതല ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേരണമെന്നും യോഗത്തില്‍ തീരുമാനമായി.



19, 20 തീയതികളില്‍ സ്‌കൂളുകളില്‍ അണുനശീകരണവും നടത്തണം. 21ാം തീയതി മുതലാണ് ക്ലാസുകള്‍ പൂര്‍ണതോതില്‍ സാധാരണപോലെ പ്രവര്‍ത്തിച്ചുതുടങ്ങുക. ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ത്ഥിച്ചു. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമുള്ള സ്‌കൂളുകളില്‍ അവ എത്തിക്കാനും സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കാനും സഹായമുണ്ടാകണം.



സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി – യുവജന – തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രി കത്തയച്ചിരുന്നു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top