കോൺഗ്രസ് നേതൃത്വത്തോട് അതൃപ്തി, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരൻ സിപിഎമ്മിലേക്ക്;

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി മുന്നോട്ട് പോകുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരൻ സിപിഎമ്മിലേക്ക് ചുവട് മാറ്റി. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. ഇടത് മുന്നണിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സ്ഥാനാർത്ഥി നിർണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ലെന്നും അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും ഇടത് നേതാക്കൾക്കൊപ്പം വാ‍ര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത് മുരളീധരൻ വ്യക്തമാക്കി.

നേരത്തെ തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ എം ബി മുരളീധരൻ പരസ്യമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തിൽ സ്ഥാനാ൪ത്ഥിത്വ൦ നൽകിയല്ലെന്നുമാണ് അന്ന് മുരളീധരൻ തുറന്നടിച്ചത്. ഇതിന് പിന്നാലെ നേതാക്കളുടെ സമീപനം മോശമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാദത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെത് ജനാതിപത്യവിരുദ്ധമായ സമീപനമാണ്. പാർട്ടിയുടെ സജീവ പ്രവർത്തകർക്ക് ആയിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നത്. അസ്വസ്ഥരായ ആളുകൾ ഇനിയും പാർട്ടിയിലുണ്ട്. അവർ തുറന്നു പറയാതിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർത്ഥിത്വം ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന ആരോപണവും നേരത്തെ മുരളീധരൻ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിലേക്ക് മുരളീധരൻ ചുവട് മാറ്റിയത്.

[quads id=2]

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top