
തിരുവനന്തപുരം: ഞരമ്പിലൂടെ ക്രമാതീതമായി വായു കടത്തിവിട്ടാൽ മരണം സംഭവിക്കാൻ സാധ്യതയെന്ന് റിട്ട.ഫൊറൻസിക് സർജൻ ഡോ.ഷെർളി വാസു. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ കാലി സിറിഞ്ച് ഉപയോഗിച്ച് കണ്ടല്ലൂർ സ്വദേശി അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചത് നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഈ കൊലപാതകശ്രമം നാടാകെ ചർച്ചയാകുന്ന വേളയിൽ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടർ ഷെർളി വാസു. ഞരമ്പിലൂടെ വായു കടത്തിവിട്ടാൽ ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള പ്രധാന രക്തക്കുഴലുകളിൽ തടസമുണ്ടായി മരണം വരെ സംഭവിക്കാമെന്നാണ് റിട്ട.ഫൊറൻസിക് സർജൻ ഡോ.ഷെർളി വാസു പറയുന്നത്.
ഞരമ്പിലൂടെ വായു ശരീരത്തിൽ കടക്കുന്നതിനെ എയർ എംബോളിസം എന്നാണു പറയുന്നത്. ഇങ്ങനെ വായു കടക്കുന്നതിനു വിവിധ മാർഗങ്ങളുണ്ട്. കഴുത്തിലെ പ്രധാന ഞരമ്പുകൾക്കും നെഞ്ചിനു മുകൾഭാഗത്തുള്ള പ്രധാന ഞരമ്പുകൾക്കും മുറിവേറ്റാലോ, തലച്ചോറിലുണ്ടാകുന്ന മുറിവോ, അബോർഷന്റെ ഭാഗമായി സോപ്പുകലർന്ന വെള്ളവും വായുവും ശക്തിയിൽ കടത്തിവിടുമ്പോഴോ, ഇൻജക്‌ഷനോ സിപിആറോ തെറ്റായി നൽകുമ്പോഴോ എയർ എംബോളിസം സംഭവിക്കാം.
ശരീരത്തിലെത്തുന്ന വായു ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുമ്പോഴാണു മരണം സംഭവിക്കുന്നത്. ഞരമ്പിലൂടെ മനഃപൂർവ്വം വായുകടത്തിവിട്ട് കൊലപ്പെടുത്തിയ സംഭവങ്ങൾ തന്റെ അനുഭവത്തിലില്ലെന്നും ഡോ.ഷേർളി വാസു മാധ്യമങ്ങളോട് പറഞ്ഞു. ഞരമ്പിലൂടെ വായു കടത്തിവിട്ട് കൊലപ്പെടുത്തണമെങ്കിൽ 100 എംഎൽ വായുവെങ്കിലും വേണം.
300 എംഎൽ വായു എങ്കിലും ശരീരത്തിലേക്കു കയറിയാലേ പോസ്റ്റുമോർട്ടം പരിശോധനയിൽ വ്യക്തമാകൂ. ചെറിയ അളവിലുള്ള വായുവാണ് ശരീരത്തിലേക്കു കയറുന്നതെങ്കിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടക്കുന്നതിനിടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാം. കഴുത്തിലെ മുറിവുകൾ വായുവിനെ ശരീരത്തിലേക്കു കടത്തും. വെട്ടേറ്റ മരണങ്ങളിൽ ഇങ്ങനെ കാണാറുണ്ടെന്ന് ഷേർലി വാസു പറയുന്നു. മുറിവുകളിൽനിന്നു വലിയ രീതിയിൽ രക്തം വന്നിട്ടുണ്ടാകില്ലെങ്കിലും ആൾ മരിച്ചിട്ടുണ്ടാകും. ഇങ്ങനെയുള്ള കേസുകളിലാണ് പോസ്റ്റ്‌മോർട്ടത്തിൽ എയർ എംബോളിസം വ്യക്തമായി കാണുന്നത്.
‘‘ഹൃദയത്തിന്റെ വലതു വശത്തുനിന്നു കുറച്ച് അളവിൽ വായു ഇടതു വശത്തേക്കു കടക്കാം. അങ്ങനെ കടന്നാൽ ഈ വായു തലച്ചേറിലെത്തി ബ്ലോക്ക് ഉണ്ടാക്കാം. ഹൃദയത്തിന്റെ വലതുവശത്താണ് ബ്ലോക്കെങ്കിൽ ഉടനെ മരണം സംഭവിക്കാം. ഇടതു വശത്താണെങ്കിലാണ് വേദന അനുഭവപ്പെടുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ എയർ എംബോളിസം സൂക്ഷ്മമായി നോക്കാറുണ്ട്. വലിയ അളവിൽ വായു ശരീരത്തിലേക്കു കടന്നാൽ പതവന്ന് രക്തക്കുഴൽ അടഞ്ഞതായാണ് പോസ്റ്റ്‌മോർട്ടത്തിൽ കാണാനാകുക. ചെറിയ അളവിലാണ് വായു കടക്കുന്നതെങ്കിൽ പരിശോധനയിൽ കണ്ടെത്താൻ പ്രയാസമായിരിക്കും. ഇൻക്വസ്റ്റിനായി മണിക്കൂറുകള്‍ വേണ്ടിവരും. അപ്പോഴേക്കും വായു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും’’ – ഷേർളി വാസു പറയുന്നു.
ശരീരത്തിലെ തൊലിയോടു ചേർന്ന ഞരമ്പുകളിലൂടെ വായു കടക്കുന്നത് സാധാരണ എയർ എംബോളിസത്തിനു കാരണമാകാറില്ല. വായു ശരീരത്തിലേക്കു വേഗം ആഗിരണം ചെയ്യപ്പെടുമെന്നതാണു കാരണം. സ്കൂബാ ഡൈവിങ് നടത്തുമ്പോൾ ഗ്യാസ് എംബോളിസം ഉണ്ടാകും. ജലത്തിനടിയിലേക്ക് ആഴത്തിൽപോകുമ്പോൾ ശരീരത്തിൽ വലിയ മർദം അനുഭവപ്പെടും. ശ്വസിക്കുന്ന വായുവിൽ നൈട്രജന്റെ അംശം കൂടുതലായിരിക്കും. മുകളിലേക്കു വരുമ്പോൾ മർദം കുറഞ്ഞ് രക്തത്തിൽനിന്ന് ഗ്യാസ് പുറത്തേക്കുവരുന്ന സ്ഥിതിയുണ്ടാകും.
വലിയ സൂക്ഷ്മതയോടെയാണ് ഡോക്ടർമാർ എയർ എംബോളിസം കൈകാര്യം ചെയ്യുന്നത്. അതിനാലാണ് എയർ എംബോളിസത്തിലൂടെയുള്ള മരണം ആശുപത്രിയിൽ സംഭവിക്കാത്തത്. ഡ്രിപ്പ് തന്നെ സമയത്ത് ഓഫ് ആക്കിയില്ലെങ്കിൽ അപകടമാണ്. ‘‘എയർ എംബോളിസം സംഭവിക്കുന്ന സാഹചര്യങ്ങളിൽ ആശുപത്രിയിൽ വേഗം എത്തിച്ചാൽ രക്ഷപ്പെടുത്താനാകും. എന്നാൽ മനഃപൂർവ്വം വായുകടത്തിവിട്ട് കൊലപാതകത്തിനു ശ്രമിക്കുന്നത് ഭീകരമാണ്. ആശുപത്രികൾ സുരക്ഷിതമാക്കണം. വരുന്ന ആളുകളെ നിരീക്ഷിക്കാൻ സംവിധാനമുണ്ടാകണം. നിശ്ചിത ഇടവേളകളിൽ സുരക്ഷ വിലയിരുത്തണം’’ – ഷേർലി വാസു പറയുന്നു.
തെളിവ് കിട്ടില്ലെന്ന ചിന്തയായിരിക്കും യുവതിയെ വായു കുത്തിവയ്ക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ, പോസ്റ്റ്‌മോർട്ടത്തിൽ തെളിവു കിട്ടുമെന്ന് ഷേർലി വാസു പറയുന്നു. ‘‘മെറ്റീരിയൽ, കെമിക്കൽ തെളിവ് മാത്രമല്ല ഉള്ളത്. കോടതിക്ക് വിശ്വസിക്കാവുന്ന തെളിവുകൾ പോസ്റ്റ്‌മോർട്ടത്തിലൂടെ കോർത്തിണക്കി കിട്ടും. വായു മാത്രമല്ല ഇത്തരം സംഭവങ്ങളിലെ പ്രധാന തെളിവ്. അനുബന്ധ തെളിവുകൾ ഉണ്ടാകും. മെറ്റീരിയൽ തെളിവിനെക്കാളും ഒരു ഡോക്റുടെ വിശ്വാസ്യതയാണ് കോടതി വിലമതിക്കുന്നത്. ഡോക്ടർക്ക് എന്താണ് ചികിൽസയിലൂടെ മനസിലായത് എന്നതാണ് കോടതിയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യയിൽ ഓറൽ എവിഡൻസിനാണ് മുൻതൂക്കം’’– അവർ കൂട്ടിച്ചേർത്തു.
You must log in to post a comment.