ഡിയര്‍ റോബര്‍ട്ടോ, ഈ വിജയം ഞങ്ങള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. പഴയ കടങ്ങളെല്ലാം പലിശസഹിതം വീട്ടിയിരിക്കുന്നു…!”
വെബ്ഡെസ്ക് :-ഒരു പോരാട്ടത്തിനുപോലും ശ്രമിക്കാതെ പോളണ്ട് അര്ജന്റീനയ്ക്കുമുമ്പില് കീഴടങ്ങിയിരിക്കുകയാണ്. പക്ഷേ പണ്ടൊരിക്കല്‍ പോളിഷ് പട അര്‍ജന്റീനയെ കരയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ മധുരപ്രതികാരമാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയിരിക്കുന്നത്…!
1974-ല്‍ നടന്ന ലോകകപ്പിലാണ് പോളണ്ടിന്റെ കരുത്ത് ആദ്യമായി ലോകം കണ്ടത്. ആ ടൂര്‍ണ്ണമെന്റില്‍ പോളണ്ട് മൂന്നാം സ്ഥാനം നേടി. അവരുടെ സൂപ്പര്‍താരമായിരുന്ന ലാറ്റോ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കുകയും ചെയ്തു.
പോളണ്ടിന്റെ ജൈത്രയാത്രയ്ക്കുമുമ്പില് പല പ്രമുഖ ടീമുകളും നിഷ്പ്രഭമായി. അതില്‍ അര്‍ജന്റീനയും ഉള്‍പ്പെട്ടിരുന്നു! 1974-ലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ അര്‍ജന്റീന പോളണ്ടിനോട് 3-2 എന്ന മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു. ഇരട്ടഗോള്‍ നേടിയ സുവര്ണ്ണപാദുകക്കാരന് ലാറ്റോ തന്നെയാണ് അര്‍ജന്റീനയുടെ നടുവൊടിച്ചത്.
അര്‍ജന്റീനാ ഫുട്ബോള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. സ്വന്തം കളിക്കാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പണം ശേഖരിക്കുന്നതിനുവേണ്ടിസൗഹൃദമത്സരം സംഘടിപ്പിച്ചതിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് കളിക്കാനെത്തിയത്! അതിനുപിന്നാലെയാണ് അവര്‍ക്ക് ‘പോളിഷ് ഷോക്ക് ‘ ലഭിച്ചത്! ആ തോല്‍വിയുടെ കനല് കുറേ അര്‍ജന്റീനക്കാര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവണം!
ഖത്തറിലെ പുല്‍മൈതാനത്തില്‍ അര്‍ജന്റീനയും പോളണ്ടും വീണ്ടും മുഖാമുഖം വന്നപ്പോള്‍ പോളണ്ട് ആരാധകര്‍ കൊതിച്ചത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്! രാജ്യത്തിന്റെ ടോപ് ഗോള്‍ സ്കോറര്‍ ആയ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി എന്ന സ്റ്റാര്‍ സ്ട്രൈക്കറില്‍ അവര്‍ പ്രതീക്ഷകളര്‍പ്പിച്ചു. പണ്ട് ലാറ്റോ എഴുതിത്തുടങ്ങിയ ഇതിഹാസം ലെവന്‍ഡോവ്സ്കി പൂര്‍ത്തിയാക്കുമെന്ന് ഒരു ജനത മുഴുവനും ഉറച്ചുവിശ്വസിച്ചു!
പോളണ്ടിന് അനുകൂലമായ ഘടകങ്ങള്‍ വേറെയും ഉണ്ടായിരുന്നു. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ പോളണ്ടാണ് വിജയക്കൊടി പാറിച്ചത്. 2022-ലെ വേള്‍ഡ്കപ്പില്‍ ഒരു ഗോള്‍ പോലും പോളണ്ട് വഴങ്ങിയിരുന്നില്ല. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും അവര്‍ക്കുണ്ടായിരുന്നു.
പക്ഷേ കളിക്കളത്തില്‍ പോളണ്ട് സമ്പൂര്‍ണ്ണ പരാജയമായി. ഒമ്പതാം മിനുറ്റില്‍ മെസ്സി പായിച്ച വെടിയുണ്ട പോലുള്ള ഒരു ഷോട്ടിലൂടെയാണ് എല്ലാം ആരംഭിച്ചത്. പിന്നീട് പോളണ്ടിന്റെ ഗോള്‍മുഖം നിരന്തരം ആക്രമിക്കപ്പെട്ടു. അലിസ്റ്ററും ആല്‍വാരസും നീലപ്പടയ്ക്കുവേണ്ടി സ്കോര്‍ ചെയ്തു.
അപ്രതീക്ഷിതമായി വീണുകിട്ടിയ പെനാല്‍റ്റി പാഴാക്കിയെങ്കിലും അര്‍ജന്റീനയുടെ പടയൊരുക്കത്തെ മെസ്സി മുമ്പില്‍ നിന്ന് നയിച്ചു. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് മെസ്സിയുടെ പേരില്‍ ഗോളില്ലാതെ പോയത്. എണ്ണമറ്റ അവസരങ്ങളാണ് അര്‍ജന്റീനയുടെ നായകന് സൃഷ്ടിച്ചത്.
2022-ല്‍ അര്‍ജന്റീനയ്ക്കുവേണ്ടി 13 തവണ മെസ്സി വലകുലുക്കിക്കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇത്രയേറെ ദേശീയ ഗോളുകള്‍ മെസ്സി ഇതിനുമുമ്പ് നേടിയിട്ടില്ല!
ഒട്ടുമിക്ക കളിക്കാരെയും പ്രായം തളര്‍ത്താറുണ്ട്. എന്നാല്‍ പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞ് പോലെയാണ് മെസ്സി! വീഞ്ഞിനേക്കാള്‍ വലിയ ലഹരിയാണ് മെസ്സിയുടെ കളി!
1974-ല്‍ പോളണ്ടിനോട് പരാജയപ്പെട്ട അര്‍ജന്റീനയുടെ ടീമിനെ നയിച്ചത് റോബര്‍ട്ടോ പെര്‍ഫ്യൂമോ എന്ന ഡിഫന്‍ഡറാണ്. അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്തരിച്ചത്. പഴയ ക്യാപ്റ്റന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ മെസ്സി അദ്ദേഹത്തോട് പറയുമായിരുന്നു-
”ഡിയര്‍ റോബര്‍ട്ടോ, ഈ വിജയം ഞങ്ങള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. പഴയ കടങ്ങളെല്ലാം പലിശസഹിതം വീട്ടിയിരിക്കുന്നു…!”
ഒരു തുള്ളി കണ്ണുനീരോടെ,തികഞ്ഞ അഭിമാനത്തോടെ റോബര്‍ട്ടോ മെസ്സിയുടെ വാക്കുകള്‍ കേള്‍ക്കുമായിരുന്നു!

You must log in to post a comment.