𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പുനഃസംഘടന; നേതൃത്വത്തിനെതിരേ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും, കോൺഗ്രസിൽ പുതിയ ഗ്രൂപ്പിനുള്ള ശ്രമം ഉമ്മൻചാണ്ടി,

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതിൽ കൂടിയാലോചനകൾ നടത്തിയില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു. ചർച്ചകളിൽനിന്ന് മാറ്റിനിർത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഡൽഹിയിൽ ഡിസിസി അധ്യക്ഷൻമാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിന് ഡൽഹിയിൽ നടന്ന യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഏതാനും ആഴ്ചകളായി ഡൽഹിയിലും കേരളത്തിലുമായാണ് ചർച്ചകൾ നടന്നത്. എന്നാൽ ചർച്ചയുടെ ഒരു ഘട്ടത്തിൽപ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേൾക്കാൻ നേതൃത്വം തയ്യാറായില്ല എന്നാണ് ആരോപണം.

ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടിക നൽകുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും താരിഖ് അൻവറിനോട് പരാതിപ്പെട്ടു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി. ചർച്ചകൾക്കായി വിളിച്ച കെ. സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയതായാണ് വിവരം. ചർച്ചകളിൽ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിർന്ന നേതാക്കളെ അറിയിച്ചു.

പുനഃസംഘടനാ ചർച്ചകളെ വിമർശിച്ച പി.എസ് പ്രശാന്തിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. പി.എസ് പ്രശാന്ത് യുഡിഎഫിനും കോൺഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്നും കെ. സുധാകരൻ പറഞ്ഞു. പ്രശാന്തിന്റെ നടപടിയിൽ അഡ്വ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും സുധാകരൻ പറഞ്ഞു.