ഡി സി സി അധ്യക്ഷ സ്ഥാനം, കോൺഗ്രസിൽ പൊട്ടിത്തെറി, പ്രതിഷേധം ഉയർത്തി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും,

തിരുവനന്തപുരം:-ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്പെൻറ് ചെയ്തതിലും ഉമ്മൻ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.
ഡി.സി.സി. പട്ടിക സംസ്ഥാനത്ത് തയാറാക്കിയിരുന്നെങ്കിൽ മികച്ച പ്രസിഡന്റുമാരെ കണ്ടെത്താമായിരുന്നു. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ കൂടിയാലോചനകൾ ഉണ്ടായില്ല’, ഉമ്മൻ ചാണ്ടി പറഞ്ഞു. ‘ഡി.സി.സി. പട്ടിക സംബന്ധിച്ച് ചർച്ച നടക്കുമെന്ന വാഗ്ദാനം നടപ്പായില്ല, അതിനാലാണ് ഹൈക്കമാണ്ടിനെ സമീപിക്കേണ്ടി വന്നത്. സംസ്ഥാന തലത്തിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നു’, രമേശ് ചെന്നിത്തല പറഞ്ഞു.

പരസ്യ പ്രതികരണത്തിലൂടെ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനും എതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും ഇന്നലെ താത്കാലികമായി സസ്‌പെൻറ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ തന്നെ ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.
പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിൻ‌റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനിൽകുമാറിൻറെ വിമർശനം. അനിൽ കുമാറിൻറെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ. ശിവദാസൻ നായരും നടത്തിയത്. കെ.പി.സി.സി. പ്രസിഡൻറിൻറേയും പ്രതിപക്ഷനേതാവിൻറെയും നാല് വർക്കിം​ഗ് പ്രസിഡൻറുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ലെന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരെയും സസ്‍പെൻറ് ചെയ്യുകയായിരുന്നു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top