വെബ് ഡസ്ക് :-പാലക്കാട്ട് പാർട്ടി സമ്മേളനങ്ങളിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാലക്കാട് സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ജില്ലയിലെ പാർട്ടിയിൽ ശക്തിപ്പെടുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രി താക്കീത് നൽകിയത്.
ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നത് കാണുന്നുവെന്നും പിണറായി പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം അക്കാര്യം പറഞ്ഞത്.പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കാനായിട്ടുണ്ട്. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുക എന്നും നേതാക്കൾക്ക് മുന്നറിയിപ്പായി പിണറായി പറഞ്ഞു.നേരത്തെ, ജില്ലാ സമ്മേളനത്തില്‍ പൊലീസിനും മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശിക്കുമെതിരേ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയത്. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയില്‍ പ്രാദേശിക ഘടകങ്ങളില്‍ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണ്. പുതുശ്ശേരി പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്

Leave a Reply