വെബ് ഡസ്ക് : -കാസര്‍കോട് കുമ്പള ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സി.പി.എം. അംഗം എസ്. കൊഗ്ഗു രാജിവെച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ കൊഗ്ഗുവിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ നല്‍കിയതില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് രാജി സമര്‍പ്പിച്ചത്. മറ്റൊരാളുടെ കൈവശം കൊഗ്ഗു, രാജിക്കത്ത് കൊടുത്തുവിടുകയായിരുന്നെന്നും രാജിയുടെ കാരണം കത്തില്‍ പറയുന്നില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു കൊഗ്ഗു സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്ത് എത്തിയത്. തിരഞ്ഞെടുപ്പില്‍ സി.പി.എം.-ബി.ജെ.പി. നേതാക്കള്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് ആരോപിച്ച് ഞായറാഴ്ച ബി.ജെ.പി. പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി പ്രതിഷേധിച്ചിരുന്നു.