വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം. വാക്‌സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേര്‍ക്ക് വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു.

കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തികരിലാണ് പഠനം നടത്തിയത്. വാക്‌സിനേഷന്റെ ആദ്യ 100 ദിവസം വാക്‌സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലോകനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.

‘രാജ്യത്ത് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണത്തില്‍ അടുത്തിടെ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വാക്‌സിനേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷന് ശേഷവും ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രേക്ക്ത്രൂ അണുബാധ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ചില വ്യക്തികളില്‍ ഭാഗികവും പൂര്‍ണവുമായ വാക്‌സിനേഷന് ശേഷവും ഈ അണുബാധകള്‍ ഉണ്ടാകാം’. അപ്പോളോ ആശുപത്രി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.അനുപം സിബല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍ 100 ശതമാനം പ്രതിരോധശേഷി നല്‍കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

അതേ സമയം പൂര്‍ണമായ വാക്‌സിനേഷന് ശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളില്‍ നിന്ന് ഇത് സംരക്ഷിക്കുന്നുണ്ട്. തങ്ങളുടെ പഠനത്തില്‍ പറയുന്നത്, വാക്‌സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേരും അണുബാധയില്‍ നിന്ന് സംരക്ഷിക്കപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് 0.06 ശതമാനം മാത്രമാണെന്നും പഠന ഫലങ്ങള്‍ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തില്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠനത്തില്‍ തെളിയുന്നു. ഇത്തരക്കാര്‍ക്ക് ഐസിയു പ്രവേശനമോ മരണമോ ഉണ്ടായില്ലെന്നും ഡോ.അനുപം സിബല്‍ പറഞ്ഞു.

3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അതില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്‌സിനും 20 പേര്‍ ഒരു ഡോസും എടുത്തവരായിരുന്നു. സ്ത്രീകളാണ് കോവിഡ് ബാധിച്ചവരിൽ അധികവും. പ്രായം അതില്‍ ഒരു ഘടകമായി കാണാനായില്ലെന്നും പഠനം പറയുന്നു.

Leave a Reply