Site icon politicaleye.news

നാട്ടിലേക്ക് മടങ്ങാൻ തിടുക്കം കാണിക്കുന്ന ചില അർജന്‍റീന താരങ്ങളെ ഞാൻ അന്ന് ഡ്രെസ്സിങ്ങ് റൂമിൽ കണ്ടിരുന്നു, പക്ഷേ മെസ്സി മാത്രം പൊട്ടിക്കരയുകയായിരുന്നു,വൈറൽ ആയി ഫേസ്ബുക് കുറിപ്പ്.

വെബ്ഡസ്ക്:- ലയണൽ മെസ്സിയ്ക്ക് 34 വയസ്സാണ് പ്രായം. പക്ഷേ മാരക്കാനയിൽ അവസാന വിസിൽ മുഴങ്ങിയ സമയത്ത് അയാൾ ഒരു പത്തുവയസ്സുകാരനെപ്പോലെയാണ് പെരുമാറിയത്. മെസ്സി തുള്ളിച്ചാടുന്നുണ്ടായിരുന്നു. ഇഷ്ടപ്പെട്ട കളിപ്പാട്ടം സ്വന്തമായി കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ അയാൾ ആനന്ദം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കോപ്പ അമേരിക്ക കിരീടം മെസ്സി എത്രമേൽ ആഗ്രഹിച്ചിരുന്നു എന്നതിൻ്റെ തെളിവ്!

28 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം അർജന്‍റീന ഒരു പ്രധാന ട്രോഫി ജയിച്ചിരിക്കുന്നു. അർജന്‍റീന ആരാധകരുടെ കാത്തിരിപ്പ് കഠിനമായിരുന്നു. ഒരുപക്ഷേ അതിനേക്കാൾ കഷ്ടമായിരുന്നു മെസ്സിയുടെ അവസ്ഥ. അയാളെ കുരിശിൽ തറയ്ക്കാൻ ലോകം പ്രത്യേക ഉത്സാഹം കാണിച്ചിരുന്നു.

”ക്ലബ്ബിനുവേണ്ടി മാത്രം നന്നായി കളിക്കുന്നവൻ” എന്ന ആക്ഷേപം മെസ്സി കാലങ്ങളായി കേൾക്കുന്നുണ്ട്. രാജ്യത്തോടുള്ള അയാളുടെ പ്രതിബദ്ധതയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. മെസ്സി ഒരിക്കലും അത് അർഹിച്ചിരുന്നില്ല.

2010 ലോകകപ്പിൽ ജർമ്മനിയോട് സംഭവിച്ച പരാജയമാണ് അർജന്‍റീനയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. അന്ന് ടീമിൻ്റെ പരിശീലകനായിരുന്ന ഡീഗോ മറഡോണ പിൽക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി-

”എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങാൻ തിടുക്കം കാണിക്കുന്ന ചില അർജന്‍റീന താരങ്ങളെ ഞാൻ അന്ന് ഡ്രെസ്സിങ്ങ് റൂമിൽ കണ്ടിരുന്നു. പക്ഷേ മെസ്സി മാത്രം പൊട്ടിക്കരയുകയായിരുന്നു…! ”

നാലുവർഷങ്ങൾക്കുശേഷം മെസ്സിയുടെ നെഞ്ചകം വീണ്ടും തകർന്നു. ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഫൈനലിൽ കാലിടറി. ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡ് ജയിച്ചത് മെസ്സിയാണ്. എന്നിട്ടും പുഞ്ചിരിയുടെ സൂചന പോലും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. സ്വന്തം രാജ്യം അടിയറവ് പറഞ്ഞ സമയത്ത് വ്യക്തിഗത നേട്ടങ്ങൾക്ക് പ്രസക്തിയില്ലല്ലോ.

അതുകൊണ്ടും അവസാനിച്ചില്ല. രണ്ട് കോപ്പ കിരീടങ്ങൾ കപ്പിനും ചുണ്ടിനും ഇടയിലൂടെ നഷ്ടപ്പെട്ടു. മെസ്സിയുടെ കണ്ണുനീർ വീണ് കോപ്പ നനഞ്ഞു.

ലോകം അയാളോട് യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല. കരയുന്ന മെസ്സിയുടെ ചിത്രം ഉപയോഗിച്ചാണ് ഏറ്റവും കൂടുതൽ ട്രോളുകൾ നിർമ്മിക്കപ്പെട്ടത്!

അർജന്‍റീനയ്ക്കുവേണ്ടി നേട്ടങ്ങളുണ്ടാക്കാൻ മെസ്സി പരമാവധി പരിശ്രമിച്ചിരുന്നു. പക്ഷേ നിർഭാഗ്യം അയാളെ വേട്ടയാടി. കുടുംബത്തിൽനിന്ന് വരെ മെസ്സി എതിർപ്പുകൾ നേരിട്ടു. ഒരിക്കൽ മെസ്സിയുടെ അമ്മ അഭിപ്രായപ്പെടുകയുണ്ടായി-

”മെസ്സിയ്ക്ക് അർജന്‍റീനയോടുള്ള കടം ബാക്കിനിൽക്കുകയാണ്. നാഷണൽ ടീമിനുവേണ്ടി കളിക്കുമ്പോൾ നീ മോശമാകുന്നു എന്ന് ഞാൻ അവനോട് പറയാറുണ്ട്…!”

ജന്മം തന്ന അമ്മയിൽനിന്നുപോലും വിമർശനം ഏറ്റുവാങ്ങിയ മെസ്സിയുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ! ആത്യന്തികമായി അയാളും ഒരു മനുഷ്യനല്ലേ!?

ഒടുവില്‍ കാലം അയാളോട് നീതി കാട്ടിയിരിക്കുന്നു! ഇതാണ് ശരിയായ കാവ്യനീതി!

നിതാന്തവൈരികളായ ബ്രസീലിനെതിരെ അവരുടെ രാവണൻകോട്ടയായ മാരക്കാനയിൽവെച്ച് മെസ്സിയുടെ ആദ്യ അന്താരാഷ്ട്ര കിരീടധാരണം. ലോകകപ്പ് ഫൈനലിനുശേഷം മെസ്സി തലകുനിച്ചുനിന്ന അതേ മാരക്കാന! ഇതിനേക്കാൾ വലിയ കാവ്യനീതി വേറെയുണ്ടോ!?

2021 കോപ്പയിലെ മികച്ച കളിക്കാരനും ടോപ് സ്കോററും മെസ്സിയാണ്. ട്രോഫികൾ ഏറ്റുവാങ്ങുന്ന സമയത്ത് അയാൾ മനസ്സുനിറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ദേശീയപതാക ഉയരത്തിൽ പാറുമ്പോൾ അയാൾ ചിരിക്കാതിരിക്കുന്നതെങ്ങനെ!

പ്രിയ ഡി മരിയ,നിങ്ങളോടുള്ള നന്ദി വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. ആ വിലമതിക്കാനാവാത്ത ഗോളിൻ്റെ പേരിൽ ഞങ്ങൾ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. മാർട്ടിനെസിൻ്റെ തീപ്പൊരി സേവുകളും അവിസ്മരണീയം തന്നെ…!

ബ്രസീൽ തോറ്റപ്പോൾ പൊട്ടിക്കരഞ്ഞ നെയ്മർ പിന്നീട് മെസ്സിയെ സ്നേഹപൂർവ്വം ചുംബിച്ചു. എന്നും മെസ്സിയുമായി കൊമ്പുകോർത്തിട്ടുള്ള ബ്രസീൽ ഹെഡ് കോച്ച് ടിറ്റെ മെസ്സിയെ പുറത്തുതട്ടി അഭിനന്ദിച്ചു. ബ്രസീലിലെ പ്രശസ്ത മാദ്ധ്യമപ്രവർത്തകയായ ഫാബിയോള ആൻഡ്രേഡ് കോപ്പ ഫൈനലിൽ മെസ്സിയ്ക്കുവേണ്ടി അർജന്‍റീനയെ പിന്തുണച്ചു!

മനസ്സിലെങ്കിലും മെസ്സിയെ അംഗീകരിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ!? എല്ലാ അതിർത്തികളും മായ്ച്ചുകളഞ്ഞ് മനുഷ്യവർഗത്തെ ഒന്നിപ്പിക്കുന്ന ഇതിഹാസമാണ് മെസ്സി!

സാക്ഷാൽ മറഡോണ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അസാധാരണമായ ആഘോഷപ്രകടനങ്ങൾ നമുക്ക് കാണാമായിരുന്നു. അന്തരീക്ഷത്തിൽ ആ ശബ്ദം മുഴങ്ങുന്നതുപോലെ തോന്നുന്നു-

”പ്രിയപ്പെട്ട ലിയോ,ഇപ്പോൾ നീ പൂർണ്ണതയോട് ഏറ്റവും അടുത്തുനിൽക്കുകയാണ്. ഒരു മനുഷ്യായുസ്സുകൊണ്ട് നേടാനാവുന്നതെല്ലാം നീ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുന്നു. നിന്നെ മഹാനെന്ന് വിശേഷിപ്പിക്കാൻ ഇനിയാരും മടി കാണിക്കുകയില്ല. ഈ ലോകം നിൻ്റേതാണ് ലിയോ…!”

Written by-Sandeep Das

Exit mobile version