വെബ് ഡസ്ക് :-രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാൻ ശുപാർശ നൽകിയെന്ന വാർത്തകൾ തള്ളാതെ ഗവർണ്ണർ. രാഷ്ട്രപതിഭവനെ ആദരിക്കണമെന്ന ഭരണഘടനാ ബാധ്യത കൂടി ഓർമ്മിപ്പിച്ചാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഭരണഘടനയുടെ 51 ( എ) അനുഛേദം പ്രത്യേകം പരാമർശിച്ച ഗവർണ്ണർ ആരിഫ് ഖാൻ, രാഷ്ട്രപതി, ഗവർണ്ണർ പദവികൾ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങൾ എല്ലാവരും പാലിക്കണമെന്നും കൊച്ചിയിൽ പറഞ്ഞു.
‘വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണം. എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലർ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകുന്നില്ല’. ഡി- ലിറ്റ് വിവാദത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഗവർണറുടെ ഓഫീസിനെ ചർച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ- ഗവർണ്ണർ പോരിന് കാരണമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവർണ്ണർ സൂചിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെ വിഷയം വിവാദമായി.
ഇതോടെ സർക്കാരും വെട്ടിലായി. എന്നാൽ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതില്‍ പ്രശ്നങ്ങളുണ്ടായെങ്കിൽ വെളിപ്പെടുത്തേണ്ടത് ഗവർണറാണെന്നും ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കുന്ന പ്രചാരണമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ മുന്നില്‍വന്നിട്ടില്ലെന്നും കോടിയേരി വിശദീകരിച്ചു.
ലേഖനം പരസ്യം
എന്നാൽ അതേ സമയം, രാഷ്ട്രപതിക്ക് ഡി.ലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തിൽ സർക്കാറിനെതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഗവർണറെ കടന്നാക്രമിച്ചായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ഗവർണ്ണർ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നുമാണ് വിഡി സതീശന്റെ ആരോപണം. എന്നാൽ ദളിതനായ രാഷ്ടപ്രതിയെ സംസ്ഥാന സർക്കാർ അപമാനിച്ചുവെന്നാണ് ബിജെപി വിമർശിക്കുന്നത്
ലേഖനം പരസ്യം