
ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്. ഹൈദരാബാദിലെ തുക്കുഗുഡ റാലി മൈതാനത്തില്‍ ശനിയും ഞായറുമാണ് യോഗം. പുതിയ ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ള നേതാക്കള്‍, ട്രഷറര്‍ തുടങ്ങിയവരെ ഇന്ന് നിശ്ചയിച്ചേക്കും. ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, സിദ്ധരാമയ്യ, സുഖ്‌വീന്ദര്‍ സിംഗ് സുഖു, ഭൂപേഷ് ബഗേല്‍, സ്ഥിരാംഗങ്ങള്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രം മെനയുകയാണ് യോഗലക്ഷ്യം. നാളെ വിശാല പ്രവര്‍ത്തക സമിതി യോഗവും ചേരും. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം ലക്ഷ്യമിട്ട്, നാളെ ഹൈദരാബാദില്‍ വന്‍ റാലിയും ആറ് വാഗ്ദാനങ്ങളുടെ പ്രഖ്യാപനവും നടത്തും. കാര്‍ഷിക കടം എഴുതിതള്ളല്‍, നേരിട്ട് വീട്ടമ്മമാര്‍ക്ക് പണം കൈമാറല്‍, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ ദേശീയ തലത്തില്‍ ആവിഷ്‌കരിക്കുന്നത് ചര്‍ച്ച ചെയ്യും.
കേരളത്തില്‍ നിന്നും എ കെ ആന്റണി, ശശി തരൂര്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പങ്കെടുക്കുന്നത്. പിസിസി അദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അതതു സംസ്ഥാനങ്ങളില്‍ നിയമിക്കേണ്ട ജനറല്‍ സെക്രട്ടറിമാരുടെ കാര്യത്തില്‍ ധാരണയുണ്ടായേക്കും.
You must log in to post a comment.