𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കോൺഗ്രസിന്റ ജനപ്രിയനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു;

വെബ് ഡസ്ക് :-കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009-14 ലോക്‌സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംഘടനയുടെ കോളജ് യൂണിയൻ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 80 മുതൽ കെപിസിസി, എ.ഐ.സി.സി അംഗമാണ്.1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.