തിരുവനന്തപുരം: മുസ്ലിം വിഭാഗത്തിനുള്ള സ്കോളർഷിപ്പിൽ ഒരുകുറവും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ എല്ലാവരേയും ഒരുപോലെ പരിഗണിച്ച് ജനസംഖ്യാടിസ്ഥാനിൽ സ്കോളർഷിപ്പ് നൽകണമെന്ന കോടതി നിർദേശം മാനിച്ചാണ് സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം നിശ്ചയിച്ചത്. എല്ലാവിഭാഗത്തിനും സന്തോഷിക്കാവുന്നതാണ് സർക്കാർ തീരുമാനം. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം സർക്കാർ തീരുമാനം സ്വാഗതം ചെയ്യാൻ തോന്നിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലീഗിന്റെ സമ്മർദ്ദത്താൽ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത് ശരിയായ കാര്യമല്ല. സർക്കാർ സ്കോളർഷിപ്പ് അനുപാതം മാറ്റിയത് ആർക്കും കുറവ് വരാത്ത വിധമാണ്. ഇതിൽ ആർക്കും യാതൊരു ആശങ്കയും വേണ്ട. ഒരുകുറവും വരില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പറഞ്ഞത് മാറ്റിപറയുന്നവരല്ല, പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ ഇരിക്കുന്നവരാണ് ഞങ്ങളെന്നും സ്കോളർഷിപ്പ് വിവാദത്തിലെ പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

ഒരു വിഭാഗത്തിന് കിട്ടുന്ന സ്കോളർഷിപ്പിൽ കുറവുവരുത്താതെ മറ്റൊരു വിഭാഗത്തിന് അർഹതപ്പെട്ടത് കൊടുക്കുന്നതിന് എന്തിനാണ് മറ്റു ന്യായങ്ങൾ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിലവിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കിയതോടെ നേരത്തെ ഇക്കാര്യത്തിൽ പ്രശ്നങ്ങൾ ഉന്നയിച്ചവരുടെ പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply