
ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായതായി ഇസ്രോ. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്നും റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയെന്നും ഐഎസ്ആർഒ അറിയിച്ചു. APXS, LIBS എന്നീ പേലോഡുകൾ ഓഫാക്കി. ഈ പേലോഡുകളിൽ നിന്നുള്ള ഡാറ്റ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റം ചെയ്തു.
നിലവിൽ ബാറ്ററി പൂർണമായും ചാർജ്ജ് ചെയ്ത നിലയിലാണ്. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യപ്രകാശം ലഭിക്കും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകമെന്നും ഇസ്രോ അറിയിച്ചു. അടുത്ത സൂര്യോദയത്തിൽ പ്രകാശം ലഭിക്കുന്നതിന് വേണ്ടിയാണ് സോളാർ പാനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസീവർ ഓണാണ്. വിജയകരമായി ഉണർന്നാൽ നാഴികക്കല്ല് സൃഷ്ടിക്കാനാകുമെന്നും അല്ലെങ്കിൽ ഇന്ത്യയുടെ ചാന്ദ്ര അംബാസഡറായി ചന്ദ്രയാൻ-3 എക്കാലവും നിലനിൽക്കുമെന്നും ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു.
പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ 100 മീറ്റർ ദൂരം പിന്നിട്ട വിവരം ഇസ്രോ ഇന്ന് രാവിലെ അറിയിച്ചിരുന്നു. ശിവശക്തി പോയിന്റിൽ നിന്നും സുരക്ഷിതമായി സ്വയംനിർണയിക്കപ്പെട്ട പാതയിലൂടെയാണ് റോവർ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത്. ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം ഇസ്രോ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചിരുന്നു.’ 100 നോട്ട് ഔട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പങ്കിട്ടത്.
You must log in to post a comment.