𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

യുദ്ധം നിർത്താൻ പുട്ടിനോട് ആവശ്യപ്പെടാൻ എനിക്കു കഴിയുമോ? സുപ്രീം കോടതി ചീഫ് ജസ്റ്റിസ്;

വെബ് ഡസ്ക് :-യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണ. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

ഇക്കാര്യത്തിൽ കോടതിക്ക് എന്താണു ചെയ്യാനാകുക? റഷ്യൻ പ്രസിഡന്റിനോടു യുദ്ധം നിർത്തിവയ്ക്കാൻ ആവശ്യപ്പെടാൻ എനിക്കു കഴിയുമോ? ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിയിൽ പിന്നീടു വാദം കേൾക്കും.

‘സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്തു ചെയ്യുകയാണെന്നു സമൂഹ മാധ്യമങ്ങളിലെ ചിലരുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടു. അവരെയോർത്തു സഹതപിക്കുന്നു’– ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘ആളുകൾ തണുത്തു വിറയ്ക്കുകയാണ്. അവരെ രക്ഷിച്ചേ മതിയാകൂ’ എന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആവശ്യം. അവരെ രക്ഷിക്കേണ്ടത് ആരാണ്. സർക്കാർ ഇപ്പോൾത്തന്നെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.



യുക്രെയ്നിൽ റൊമാനിയൻ അതിർത്തിക്കു സമീപം കുടങ്ങിക്കിടക്കുന്ന ഇന്ത്യയിൽനിന്നുള്ള ചില മെഡിക്കൽ വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കു സഹായം നൽകാൻ അറ്റോർണി ജനറലിനോടു സുപ്രീം കോടതി നിർദേശിച്ചു. യുക്രെയ്ൻ എയർസ്പേസ് അടച്ച സാഹചര്യത്തിൽ, ഇന്ത്യൻ പൗരൻമാരെ യുക്രെയ്നിലെ അയൽ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നത്.



ഓപ്പറേഷൻ ഗംഗ എന്നു പേരിട്ടിരിക്കുന്ന രക്ഷാ ദൗത്യത്തിൽ ഇതുവരെ 3,726 ഇന്ത്യക്കാരെ നാട്ടിൽ തിരികെയെത്തിച്ചെന്നു കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച രാവിലെ അറിയിച്ചു.