തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി കെ മുരളീധരന്‍ എംപി. കേരളത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്നും പോലിസില്‍ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം രൂക്ഷ വിമര്‍ശനമുന്നയിച്ച അദ്ദേഹം, ‘തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ’ എന്നായിരുന്നു പോലിസിലെ അഴിച്ചുപണിയെ പരിഹസിച്ചത്.

പകല്‍ പോലും സ്ത്രീകള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികള്‍ക്ക് എളുപ്പത്തില്‍ സ്‌റ്റേഷനില്‍ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്. ക്രമസമാധാനം പരിപൂര്‍ണമായി തകര്‍ന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ച മുരളീധരന്‍, മാര്‍ക്‌സിസ്റ്റ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ തന്നെയാണെന്നും ആരോപിച്ചു. പകല്‍ ബിജെപിയെ വിമര്‍ശിക്കും. രാത്രി സഹായം തേടുമെന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും മുരളീധരന്‍ പരിഹസിച്ചു.

Leave a Reply