കൊവിഡ് രോഗികളില്‍ രോഗമുക്തിക്ക് പിന്നാലെ പിടിപെടുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ വലിയ തോതിലാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകളുടെ എണ്ണം ഏകോപിപ്പിക്കപ്പെടുകയോ, കൃത്യമായി തിട്ടപ്പെടുത്തപ്പെടുകയോ ചെയ്തിരുന്നില്ല.
എന്നാല്‍ കൊവിഡ് കാലത്ത് അടുത്ത ഭീഷണിയായി ബ്ലാക്ക് ഫംഗസ് മാറിയതിനെ തുടര്‍ന്ന് കാര്യമായ ശ്രദ്ധയാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ആകെയുള്ള ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രം.
നിലവില്‍ ആകെ 8,800 കേസുകളാണ് രാജ്യത്തുള്ളതെന്നും ചികിത്സയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് മരുന്ന് എത്തിച്ചതായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഗുജറാത്തിലാണ്. ഇതിന് പിന്നാലെ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും യഥാക്രമം വരുന്നു.