ന്യൂസ് ഡസ്ക് :-ബ്ലാക്ക് ഫംഗസിനെത്തുടര്‍ന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി ഇവിടുത്തെ നേത്ര രോഗ വിദഗ്ധന്‍ ഡോ. അതുല്‍ എസ് പുത്തലത്ത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കേണ്ടതുണ്ടെന്നും ,കൊവിഡ‍് വന്ന് രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സ തേടണമെന്നും ഡോ അതുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ‍് എയിംസില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങിയത്. ഇതില്‍ ചികില്‍സ വൈകിത്തുടങ്ങിയ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണായി നഷ്ടമായി.
പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 99 ശതമാനം പേരും പ്രമേഹ രോഗികളാണ്. ചെറിയ മൂക്കടപ്പും കണ്ണ് വേദനയുമായാണ് പ്രാഥമിക രോഗ ലക്ഷണം.
കണ്ണ് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നതും കണ്ണ് തള്ളി നില്‍ക്കുന്നത് പോലെ തോന്നുന്നതും ഉടന്‍ ചികില്‍സിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം.
ചികില്‍സ വൈകിയാല്‍ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്പോള്‍ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കില്‍ അതും ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.
ഉത്തരാഖണ്ഡില്‍ പ്രവേശിപ്പിച്ചതില്‍ 50 പേരും കൊവിഡ് ബാധിച്ചവരും രോഗം വന്ന് ഭേദമായവരും ആണ്. ബ്ലാക്ക് ഫംഗസ് സാധാരണ മനുഷ്യരെ ബാധിക്കാറില്ല. കൊവിഡ് വന്ന് പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെയാണ് ബ്ലാക്ക് ഫംഗസ് പിടികൂടുന്നതെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍ അതുല്‍ പറഞ്ഞു.