സർക്കാരിനെതിരെ വിണ്ടും ഹൈക്കോടതി, വിവാഹത്തിനു ഇരുപത്, മദ്യശാലക്ക് മുന്നിൽ അഞ്ഞൂറ്,

sponsored

കൊച്ചി: മദ്യക്കടകൾക്കു മുന്നിലെ തിരക്ക് വർധിക്കുന്നതിൽ സർക്കാരിനു വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കോടതി നിർദേശമനുസരിച്ച് ഓൺലൈനായി ഹാജരായ ബവ്കൊ എംഡിയെയും എക്സൈസ് കമ്മിഷണറെയും ശകാരിച്ചു കൊണ്ടാണ് തിരക്ക് വിഷയത്തിൽ കോടതി ഇടപെടൽ നടത്തിയത്. കോവിഡ് കുറയാതെ നിൽക്കുമ്പോഴും ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്താതെ സർക്കാരിനും ബവ്റിജസ് കോർപറേഷനും വരുമാനം മാത്രമാണ് ലക്ഷ്യമുള്ളത്. താൽപര്യമുണ്ടായിരുന്നെങ്കിൽ മദ്യവിൽപന ശാലകൾക്കു മുന്നിൽ ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കുകയില്ലായിരുന്നെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

sponsored

ഹൈക്കോടതിക്കു സമീപത്തുള്ള മദ്യശാലകൾക്കു മുൻപിൽ പോലും 500 പേർ വരെ ക്യൂ നിൽക്കുന്നുണ്ട്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിന് യാതൊരു നടപടികളുമില്ല. മദ്യവിൽപന ബവ്കോയുടെ കുത്തകയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കോർപറേഷനു സാധിച്ചിട്ടില്ല. വിവാഹങ്ങൾക്ക് 20 പേരെ അനുവദിക്കുമ്പോേഴാണ് മദ്യശാലകൾക്കു മുൻപിൽ 500 പേരെ വരെ ക്യൂ നിർത്തുന്നത്. ഇത് സാധാരണക്കാർക്ക് എന്തു സന്ദേശമാണ് നൽകുന്നത് എന്നു വ്യക്തമാക്കണം. എന്തുകൊണ്ടാണ് വരിയിലെ തിരക്കു നിയന്ത്രിക്കാൻ നടപടി എടുക്കാത്തത് എന്ന് ഉയർന്ന ഉദ്യോഗസ്ഥരോടു ചോദിച്ച കോടതി വരി നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു.

മദ്യശാലകൾക്കു മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പരാമർശം. സർക്കാർ ഇക്കാര്യത്തിൽ കോടതിക്കു മറുപടി നൽകും. മദ്യശാലകളിലെ തിരക്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ഔട്ട്ലറ്റുകൾക്കു മുന്നിലെ തിരക്കു നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും നിർദേശം നൽകിയതായി സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Leave a Reply