
തിരുവനന്തപുരം: കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവിലെ തന്റെ പുതിയ വാസസ്ഥലത്ത് അരിക്കൊമ്പൻ സുഖമായി ജീവിക്കുന്നെന്ന് തമിഴ്നാട് വനംവകുപ്പ്. കാട്ടുകൊമ്പൻ ഇപ്പോൾ ഒറ്റയാനല്ലെന്നും ആനക്കൂട്ടത്തിലെ പുതിയ അംഗമായെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. തമിഴ്നാട് വനംവകുപ്പിന്റെ ഗ്രൗണ്ട് ടീം ആനയുടെ ആരോഗ്യവും ക്ഷേമവും നോക്കുന്നുണ്ടെന്നും കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് (കെഎംടിആർ) ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. അരിക്കൊമ്പന്റെ പുതിയ ചിത്രവും വനംവകുപ്പ് പുറത്തുവിട്ടു.
ആന ഇപ്പോൾ അപ്പർ കോതയാറിലാണ് ഉള്ളതെന്ന് വനം വകുപ്പ് പറയുന്നു. ഓഗസ്റ്റ് 19നും 20നും ഇവിടെ പരിശോധന നടത്തിയിരുന്നു. ആരോഗ്യവാനായ അരിക്കൊമ്പൻ ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാര ദിശ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തിൽ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തിൽ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.
കളക്കാട് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ, മുൻനിര ജീവനക്കാർക്കൊപ്പം ഓഗസ്റ്റ് 19, 20 തീയതികളിൽ അപ്പർ കോതയാറിൽ ആനയെ കണ്ടിരുന്നു. ആന സജീവവും ആരോഗ്യവാനും ആണെന്ന് സംഘം നിരീക്ഷിച്ചു. ഡാം സൈറ്റിൽ ആന തീറ്റതേടുന്നതായി കാണപ്പെട്ടു. ആനയുടെ ചലനം നിരീക്ഷിക്കുന്നു. റേഡിയോ കോളറിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകളിലൂടെയാണ് ആനയുടെ സഞ്ചാരപഥം മനസ്സിലാക്കുന്നത്. മറ്റ് ആനക്കൂട്ടങ്ങളും സമീപത്തുണ്ട്,” പ്രസ്താവനയിൽ പറയുന്നു. തമിഴ്‌നാട്ടിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവും വനവും അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ആനയുടെ വിശദാംശങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പ് ആനയെ സ്ഥലം മാറ്റിയതിന് ശേഷം നാല് തവണ ആനയുടെ ചിത്രങ്ങളും വീഡിയോകളും തമിഴ്നാട് പുറത്തുവിട്ടിരുന്നു. എന്നാൽ, പിന്നീട് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവിടാതിരുന്നതോടെ ആനയുടെ ആരോഗ്യനില സംബന്ധിച്ച് വ്യാപകമായ ആശങ്കകൾ ഉയർന്നിരുന്നു. അടുത്തിടെ അരിക്കൊമ്പൻ പുതുർനാട്ടിൽ ആനക്കൂട്ടവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് ഈ ആനക്കൂട്ടത്തിൽ നിന്ന് അകന്നുപോയതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് അരിക്കൊമ്പൻ ആരാധകർ. അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച് പ്രാർത്ഥനയും നടത്തിയിരുന്നു. അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തേങ്ങയുടച്ച് പ്രാർത്ഥന നടന്നത്. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയാണ് തേങ്ങയുടച്ചത്.
ചിന്നക്കനാലിൽ നിന്നും പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണവും തുടങ്ങി. വാവ സുരേഷ് അടക്കമുള്ളവർ പ്രാത്ഥനയിലും പ്രതിഷേധത്തിലും പങ്കെടുത്തു. വരും നാളുകളിൽ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കാൻ വേണ്ടി സംസ്ഥാന മാകെ പ്രവർത്തനങ്ങളാരംഭിക്കുമെന്ന് വാവസുരേഷ് വിശദീകരിച്ചു.
You must log in to post a comment.