തിരു:-തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടോ ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്.
അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഓട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് നിരീക്ഷണം.
നിലവിൽ ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് നിലവിൽ ചുഴലിക്കാറ്റ്.
അടുത്ത മൂന്നു മണിക്കൂറിൽ
ആലപ്പുഴ,
കോട്ടയം,
ഇടുക്കി,
എറണാകുളം,
തൃശൂർ,
പാലക്കാട്,
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർകോട് ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടാകും.മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ
കോട്ടയം,
എറണാകുളം,
ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ അപകട സാധ്യതകളുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നിരവധി വീടുകൾ തകരുകയും ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തു.
You must log in to post a comment.