തിരുവനന്തപുരം: പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. പുത്തൻതോപ്പ് സ്വദേശി അഞ്ജുവും മകൻ ഒമ്പത് മാസം പ്രായമുള്ള ഡേവിഡുമാണ് പൊള്ളലേറ്റ് മരിച്ചത്. മകളെ ഭർത്താവ് രാജു ജോസഫ് കൊലപ്പെടുത്തിയതാണെന്ന് അഞ്ജുവിന്റെ പിതാവ് പ്രമോദ് ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് അഞ്ജുവിനെയും മകനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നു പുലർച്ചയോടെയാണ് മരിച്ചത്. ഭർത്താവ് രാജു ജോസഫിൽ നിന്ന് കടുത്ത മാനസിക-ശാരീരിക പീഡനമാണ് അഞ്ജു നേരിട്ടിരുന്നതെന്ന് അഞ്ജുവിന്റെ പിതാവ് പറയുന്നു. തന്റെ മുന്നിൽ വെച്ചും മകളെ മർദ്ദിച്ചിരുന്നതായും പിതാവ് പറയുന്നു. രാജുവിന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇത് അഞ്ജു ചോദ്യംചെയ്തതിന്റെ പേരിൽ രാജു അഞ്ജുവിനെ ഉപദ്രവിച്ചിരുന്നെന്നുമാണ് പിതാവ് പറയുന്നത്.
അഞ്ജുവിൻറെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. പുത്തൻത്തോപ്പിൽ ഫുട്ബോൾ മത്സരം കാണാൻ പോയശേഷം ഇടവേള സമയത്ത് വീട്ടിൽ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയിൽ അഞ്ജുവിനെ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. എന്നാൽ, ഈ സമയം ഭർത്താവ് എവിടെയായിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദുരൂഹതയുണ്ടെന്ന സംശയമുയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. 2021 നവംബർ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം.

You must log in to post a comment.