
കോഴിക്കോട്: ആലുവയിൽ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പരാതിയ്ക്ക് വേണ്ടി വാധിക്കില്ലെന്ന് അഭിഭാഷകൻ ബി.എ ആളൂർ. ഈ കേസിൽ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നിൽക്കും എന്നും പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടുമെന്നും ആളൂർ അറിയിച്ചു. എന്നാൽ, നീതിക്കു വേണ്ടി സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പമായിരിക്കും താനുണ്ടായിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ആലുവയിലെ കേസിലെ പ്രതി എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലും വാർത്തയിലുമെല്ലാം താൻ പ്രതിക്കു വേണ്ടി ഹാജരാകുമെന്നു പറയുന്നതെല്ലാം തെറ്റാണ്. അതും പറഞ്ഞു ഭീഷണിയുണ്ട്. ഈ കേസിൽ വാദിക്കൊപ്പം നിൽക്കുമെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബി.എ ആളൂർ അറിയിച്ചു.
”പ്രോസിക്യൂഷനൊപ്പം നിന്നു പിഞ്ചുകുട്ടിയെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ തൂക്കുമരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് സംഘടനകളും വ്യക്തികളും എന്നെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ കേസിൽ നീതി നടപ്പാക്കാൻ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പമായിരിക്കും. പ്രതിയായ അസ്ഫാക് ആലമിനെതിരെ എപ്പോഴും സർക്കാരിനൊപ്പം നിന്നു പോരാടും.”
പോക്‌സോ കേസിന്റെ പരിധിയിൽപെട്ട കുട്ടിയെ ബലാത്സംഗം ചെയ്താൽ തന്നെ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരമാണ്. ബലാത്സംഗം ചെയ്യുന്നത് 12 വയസിനു താഴെയുള്ള കുട്ടിയെയാണെങ്കിൽ തൂക്കുമരം ലഭിക്കും. ഈ കേസിൽ ബലാത്സംഗവും കഴിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ഈ സംഭവത്തിൽ അതിഥി തൊഴിലാളി കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കാതെ പോയി. അതുകൊണ്ട് പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. എന്നാൽ, ഈ കേസിൽ പ്രതിയാണ് തന്നെ ആദ്യം സമീപിച്ചതെങ്കിൽ കുട്ടിയുടെ കേസ് ഏറ്റെടുക്കുമായിരുന്നില്ലെന്നും ആളൂർ പറഞ്ഞു.
അതേസമയം, തന്റെ അടുത്ത് ആദ്യം എത്തുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതു വാദിയും പ്രതിയുമാകാം. എന്നാൽ, 80 ശതമാനം കേസുകളും പ്രതിഭാഗത്തുനിന്നുള്ളതാണ്. നീതിക്കു വേണ്ടി എന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം ഞാനുണ്ടാകും. ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കിൽ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
”രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റിവിടരുതെന്ന മമ്മൂട്ടിയുടെ ഡയലോഗ് ആണ് പറയാനുള്ളത്. ആർക്കു വേണ്ടി ഹാജരാകണമെന്നും ഏത് കേസ് ഏറ്റെടുക്കണമെന്നതും എന്റെ തീരുമാനമാണ്. എന്റെ അടുത്ത് ഒരു പ്രതി കരഞ്ഞുകൊണ്ടു വന്നു സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ അവർക്കു വേണ്ടി ഹാജരാകും. പ്രതിയെ രക്ഷിക്കാമെങ്കിൽ ശിക്ഷിക്കാനും ആളൂരിന് അറിയും.
തൊഴിൽ നൈതികത പൂർണമായും പാലിക്കുന്നയാളാണ് ഞാൻ. വാദിക്കൊപ്പം നിന്നു പ്രതിക്കു വേണ്ടി ആനൂകൂല്യം ചെയ്തുകൊടുത്തു സംരക്ഷിക്കുന്ന നടപടി എന്റെ ജീവിതത്തിലുണ്ടാകില്ല. പണമോ സ്വാധീനമോ എന്തു തന്നെയുണ്ടായാലും അതിൽ വീണുകൊടുകില്ല. മനഃസാക്ഷി മാറ്റിവച്ചാകണം അഭിഭാഷകർ കോടതിയിൽ എത്തേണ്ടത്. മനഃസാക്ഷിക്ക് അനുസരിച്ചു കേസ് നടത്തിയാൽ നമ്മുടെ കക്ഷിയോട് നീതിപുലർത്താൻ സാധിക്കണമെന്നില്ല.”
കൊലപാതകക്കേസും പോക്‌സോ ബലാത്സംഗക്കേസുകളുമെല്ലാം പൈശാചികവും ക്രൂരവുമായ പ്രവൃത്തികളാണ്. അവരുടെ കേസുകൾ സൗജന്യമായി ഏറ്റെടുത്തു നടത്തില്ല. കുറ്റം ചെയ്ത ആളുകളുടെ സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കണമെങ്കിൽ അതിനു തത്തുല്യമായ പണം ചെലവാക്കേണ്ടിവരും. അയ്യായിരവും പതിനായിരവുമെല്ലാം പേജുള്ള കുറ്റപത്രമെല്ലാം വായിക്കേണ്ടതുണ്ട്-ആളൂർ ചൂണ്ടിക്കാട്ടി.
You must log in to post a comment.