വെബ് ഡസ്ക് :-ഉത്തർപ്രദേശിൽ പൊട്ടിത്തെറി തടയാനാകാതെ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വലയുന്നു. ഇതുവരെ നിശബ്ദമായി കരുക്കൽ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപിക്ക് വലിയ പ്രഹരമാണ് നൽകുന്നത്. 48 മണിക്കൂറിൽ 14 എംഎൽഎമാരെയാണ് ബിജെപി പാളയത്തിൽ നിന്ന് അഖിലേഷ് പുറത്തെത്തിച്ചത്. ആയുഷ് മന്ത്രി ധരം സിംഗ് സൈനി ഉൾപ്പടെ ഏഴു പേർ കൂടി പാർട്ടി വിട്ടതോടെ ബിജെപി പ്രതിരോധത്തിലായി.
ബിജെപി ക്യാംപിൽ നിന്ന് ഇതുവരെ പതിനാലു പേരെ അടർത്തി മാറ്റാൻ സാധിച്ചുവെന്നത് സമാജ് വാദി പാർട്ടിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തൊഴിൽ മന്ത്രി സ്വാമിപ്രസാദ് മൗര്യ ആണ് ആദ്യം രാജിനല്കിയത്. വനം മന്ത്രി ദാരാ സിംഗ് ചൗഹാൻ ഉൾപ്പെ നാലുപേർ ഇന്നലെ രാജി നല്കി. ആയുഷ് മന്ത്രി ധരം സിംഗ് സൈനി, എംഎൽഎമാരായ മുകേഷ് വെർമ്മ, റോഷൻലാൽ വെർമ്മ, മാധുരി വെർമ്മ, ലഖിംപുർ ഖേരിയിലെ ബാലപ്രസാദ് അവസ്തി തുടങ്ങിയവരാണ് ഇന്ന് രാജി നല്കിയത്. പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് പലരും ഇതിന് കാരണമായി ഉന്നയിച്ചത്
ബിജെപി വിട്ട എല്ലാവരെയും എസ്പിയിലേക്ക് സ്വീകരിക്കും എന്ന് അഖിലേഷ് യാദവ് പറഞ്ഞു. യാദവർ ഒഴികെയുള്ള പിന്നാക്ക സമുദായങ്ങളായ മൗര്യ, കുർമി, കുശ്വാഹ, ശാക്യ, സൈനി തുടങ്ങിയവയെ കൂടെ നിറുത്തിയായിരുന്നു കഴിഞ്ഞ തവണത്തെ ബിജെപിയുടെ സോഷ്യൽ എഞ്ചിനീയറിംഗ്. യോഗി ആദിത്യനാഥിൻറെ നേതൃശൈലിയോടുള്ള വിയോജിപ്പാണ് പാർട്ടി വിട്ട് നേതാക്കൾ പ്രകടമാക്കുന്നുത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉൾപ്പടെയുള്ളവരെ കൂടെക്കൂട്ടി ബിജെപി വിരുദ്ധ സഖ്യം വിശാലമാക്കുകയാണ് അഖിലേഷ് യാദവ്. സർവ്വെകളുടെ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിക്ക് കഴിഞ്ഞ രണ്ടു ദിവസത്തെ കാഴ്ചകൾ നല്ല സൂചനയല്ല നല്കുന്നത്.
‘ബിജെപി വിട്ട എം എൽ എ മാർ’
സ്വാമിപ്രസാദ് മൗര്യ – പഡ്രൗന, തൊഴിൽ മന്ത്രി
ദാര സിംഗ് ചൗഹാൻ – മധുബൻ, വനം മന്ത്രി
ധരം സിംഗ് സൈനി – നകുർ, ആയുഷ് മന്ത്രി
ബ്രജേഷ് പ്രജാപതി – തിൻഡ്വാഡ
അവതാർ സിംഗ് ബഡാന – മീരാപൂർ
റോഷൻലാൽ വെർമ്മ, തിൽഹാർ
ഭഗവതി പ്രസാദ് സാഗർ, ബിൽഹൗർ
മുകേഷ് വെർമ്മ, ഷികോഹാബാദ്
വിനയ് ശാക്യ, ബിധുന
ബാല പ്രസാദ് അവസ്തി, മൊഹംദി
ഛത്രപാൽ ഗംഗ്വർ – ബഹേരി
മാധുരി വെർമ്മ
കൃഷ്ണ ശർമ്മ
രാകേഷ് റാഥോർ
അതിനിടെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള പാർട്ടിയുടെ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 125 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഉന്നാവിലെ സ്ഥാനാർത്ഥിയാണ്. കുൽദീപ് സിംഗ് സെംഗാർ എന്ന ബിജെപി എംഎൽഎ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയുടെ അമ്മയാണ് ഉന്നാവിൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി.
You must log in to post a comment.