കണ്ണൂർ: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം അവസാനിപ്പിക്കുന്നതിൽ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഐഎം പിബി അംഗം പി കെ ശ്രീമതിക്ക് മികച്ച നടിക്കുളള അവാർഡും, ഇപി ജയരാജന് മികച്ച ഹാസ്യനടനുളള അവാർഡുകളും നൽകിയ ശേഷമെ കേസ് അന്വേഷണം അവസാനിപ്പിക്കാവൂ എന്ന് സുധാകരൻ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുധാകരന്റെ വിമർശനം.അഭിമാന ബോധമുള്ളവർക്ക് കേരളാ പൊലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണുളളത്. ഈ അവസ്ഥയുണ്ടാക്കിയത് ആഭ്യന്തര മന്ത്രിയാണ്. വിമാനക്കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത് പോലെ ഇനിയുള്ള കാലം “പടക്കം” വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും എൽഡിഎഫ് കൺവീനറെ വിലക്കാൻ കോടതി തയ്യാറാകണം. അങ്ങനെയെങ്കിലും ജീവനക്കാർക്ക് ഭയമില്ലാതെ പണിയെടുക്കാം. നേതാക്കന്മാർക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാമെന്നും സുധാകരൻ വിമർശിച്ചു.സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഐഎം എകെജി സെൻ്ററിന് നേരെ പടക്കമെറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെ പോലെ കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു.കെജി സെന്ററിന് നേരെയുണ്ടായ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് നൽകി ശനിയാഴ്ച ഡിജിപി ഉത്തരവിറക്കിയിരുന്നു. സ്ഫോടക വസ്തു എറിഞ്ഞയാളെ 25 ദിവസം പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ 30ന് രാത്രി 11.45ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 60ഓളം സിസി ടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളുമാണ് അന്വേഷണസംഘം പരിശോധിച്ചിരുന്നു.പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു.പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.
എകെജി സെന്റർ ആക്രമണം, പി കെ ശ്രീമതിക്ക് മികച്ച നടിയുടേയും, ഇപിക്ക് മികച്ച ഹാസ്യനടനുളള അവാർഡും നൽകിയിട്ടെ അന്വേഷണം അവസാനിപ്പിക്കാവൂ എന്ന് കെ സുധാകരൻ
