ദുബായ്: ദുബായ് എക്‌സ്‌പോ സൗജന്യ സീസണ്‍ പാസുകള്‍ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്ബനികള്‍.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനകമ്പനികൾ ആണ് സൗജന്യ സീസണ്‍ ടിക്കറ്റ് പ്രഖ്യാപിച്ചത്. 50 ദിര്‍ഹമാണ് മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡ് എന്‍ട്രികള്‍ നല്‍കുന്ന ‘സീസണ്‍ പാസ് ഫൈനലിന്റെ നിരക്ക്. വിമാന കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ സീസണ്‍ ടിക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
അതേസമയം, എക്‌സ്‌പോ വേദി സന്ദര്‍ശിച്ചവരുടെ എണ്ണം 15 മില്ല്യണിലേക്ക് അടുക്കുകയാണ്. ഫെബ്രുവരി 21 ലെ കണക്കനുസരിച്ച് 14,719,277 പേരാണ് എക്സ്പോ വേദി സന്ദര്‍ശിച്ചത്. വെര്‍ച്വല്‍ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദര്‍ശിച്ചവരുടെ എണ്ണം 145 ദശലക്ഷം കടന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ആഭ്യന്തര സന്ദര്‍ശനങ്ങളില്‍ 128 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ച എക്സ്പോ വേദിയിലേക്കുള്ള പ്രതിവാര സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നിരുന്നു. എക്സ്പോ ആരംഭിച്ചശേഷം ആദ്യമായാണ് പ്രതിവാര സന്ദര്‍ശകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്. വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാര്‍ച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.