𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്ക് നേരെ വെടിവെപ്പ്, ഒരാൾ അറസ്റ്റിൽ;

വെബ് ഡസ്ക് :- എ.ഐ.എം.ഐ.എം നേതാവും പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഉവൈസിയുടെ കാറിന് നേരെ വെടിവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാളിൽ നിന്ന് തോക്ക് പിടിച്ചെടുത്തതായും ഹാപൂർ എസ്.പി ദീപക് ഭുകേർ പറഞ്ഞു. മറ്റുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.



ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതെന്നും അദ്ദേഹം പറയുന്നു. കാറിന് വെടിയേറ്റതിന്റെ അടക്കമുള്ള ചിത്രം സഹിതം അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കിട്ടു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. 



നാല് പേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാല് റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ട് ബുള്ളറ്റുകൾ കാറിൽ തറച്ചതായും അദ്ദേഹം വ്യക്തമാക്കി. 



മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നിതിനിടെ ഒരു ടോൾ പ്ലാസയ്ക്കു സമീപത്തുവെച്ചാണ് സംഭവം നടന്നതെന്ന് ഒവൈസി പറയുന്നു. സംഘം വാഹനത്തിനു നേർക്ക് വെടിയുതിർത്തു. രണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ തറച്ചു. ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.



ടയർ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ താൻ യാത്ര തുടർന്നെന്നും അപകടമൊന്നും സംഭവിച്ചില്ലെന്നും ഒവൈസി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.