കൊച്ചി: കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ഡൗണും ലംഘിച്ച് കൊച്ചിയിൽ ചേർന്ന ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് യോഗം ഉപേക്ഷിച്ചു.

സംഘർഷത്തെ തുടർന്ന് ഹോട്ടലിൽ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ യോഗത്തിൽ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പാർട്ടി പ്രതിരോധത്തിലായ പി.എസ്.സി. അംഗത്വ വിവാദം ഉൾപ്പെടെ ചർച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേർന്നത്.

ഇടതുമന്ത്രിസഭയിലെ ഏകാംഗകക്ഷിയാണ് ഐ.എൻ.എൽ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയോഗവുമാണ് ഇന്ന് ചേരാൻ തീരുമാനിച്ചിരുന്നത്. ഇതിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പാതിവഴിയിൽ പിരിച്ചുവിട്ട് മന്ത്രി തന്നെ പോലീസ് സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരായ ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധവും ചില പരാമർശങ്ങളുമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. സെക്രട്ടേറിയേറ്റ് യോഗം പിരിച്ചുവിട്ട് ഒരു വിഭാഗം നേതാക്കൾ പുറത്തിറങ്ങിയതിന് പിന്നാലെ കാസിമിനെ അനുകൂലിക്കുന്ന ആളുകളും പ്രതികൂലിക്കുന്ന ആളുകളും തെരുവിൽ തല്ലുന്ന സാഹചര്യമുണ്ടായി. വലിയ പോലീസ് സന്നാഹം ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എന്നാൽ വീണ്ടും പ്രവർത്തകർ എത്തിയതോടെ നൂറോളം പോലീസുകാർ എത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.

ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നത്, പാർട്ടി ഫോറങ്ങളിൽ ആലോചിക്കുന്നില്ല, ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് കാസിം ഇരിക്കൂറിനെതിരെ ഒരു വിഭാഗം പ്രവർത്തകർ ഉന്നയിച്ചത്. മന്ത്രി ആർക്കൊപ്പമാണ് എന്ന ചോദ്യത്തിന് അത് അദ്ദേഹം തന്നെ പറയട്ടേ എന്ന നിലപാടായിരുന്നു പുറത്തെത്തിയ പ്രവർത്തകർ സ്വീകരിച്ചത്. സംഘർഷം കനത്തതോടെ മന്ത്രിക്ക് ഹോട്ടലിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായി. തുടർന്ന് പോലീസ് എത്തിയാണ് അദ്ദേഹത്തെ ഔദ്യോഗിക വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.

Leave a Reply