തിരുവനന്തപുരം: പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് വിഭാഗമായി നില്‍ക്കുന്ന ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തി എല്‍.ഡി.എഫ്. ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പോലും ക്ഷണിച്ചില്ല. 17-ം തീയതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.എല്‍.എമാരില്ലാത്ത കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിനെ വരെ ക്ഷണിച്ചപ്പോഴാണ് മന്ത്രി വരെയുണ്ടായിട്ടും ഐ.എന്‍.എല്ലിനെ ഒഴിവാക്കിയത്.

രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് എല്‍.ഡി.എഫ് ഇതിലൂടെ ഐ.എന്‍.എല്ലിന് നല്‍കുന്നത്. ഒന്നുകില്‍ ഒരുമിച്ച് പോവുക അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്ക് എന്ന നയമാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. നേരത്തെ നിരവധി തവണ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ സമവായമായിട്ടില്ല.

അതിനിടെ കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച ഹജജ് കമ്മറ്റിയില്‍ നിന്നും ഐ.എന്‍.എല്‍ പുറത്തായി. എല്‍.ഡി.എഫിന്റെ ഭാഗമല്ലായിരുന്നിട്ട് കൂടി 2006 മുതല്‍ തുടര്‍ച്ചയായി ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ മന്ത്രിയുണ്ടായിട്ടും പുറത്തായത്. നിലവിലെ കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

പി.എസ്.സി കോഴ വിവാദത്തോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഈ പ്രശ്‌നത്തില്‍ ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.എം. മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ് അണികള്‍ നടുറോഡില്‍ ഏറ്റുമുട്ടിയതോടെ മുന്നണിയിലെ സ്ഥാനം കൂടുതല്‍ വഷളാവുകയായിരുന്നു.

%%footer%%