
തിരുവനന്തപുരം: ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. അമ്പൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്റെ ഭാര്യ ജയയാണ്(38) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ശനിയാഴ്ച വൈകീട്ട് 3.15-ഓടെ തിരുവനന്തപുരം അമ്പൂരി കവലയിലെ കുരിശ്ശടിക്ക് സമീപം വെച്ചായിരുന്നു സംഭവം. റോഡിനരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവുമായി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നു.
ഭര്‍ത്താവും സമീപമുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭര്‍ത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
You must log in to post a comment.