Skip to content

27 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ:

33 വർഷം മുൻപ് കൊലപാതകം, ശിക്ഷാവിധി വന്നിട്ട് 27 വർഷം; ഒടുവിൽ ‘മിനി അച്ചാമ്മ’ അടിവാടിൽ നിന്ന് പിടിയിൽ;

ഇന്നലെവരെ തങ്ങളിൽ ഒരാളായി കഴിഞ്ഞിരുന്ന സ്ത്രീ ക്രൂരമായ കൊലപാതക കേസിലെ പ്രതിയാണ് എന്നും കഴിഞ്ഞ 27 വർഷമായി ഒളിവിൽ കഴിയുന്ന കഴിയുകയായിരുന്നുവെന്നും അറിഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ അടിവാട് നിവാസികൾ മോചിതരായിട്ടില്ല.വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിക്കു പിന്നാലെ ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക്‌ ശേഷമാണ് അടിവാട് നിന്ന് ഇന്നലെ പിടിയിലായത്. മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിലാണു റെജി എന്ന അച്ചാമ്മ പിടിയിലായത്. കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ആണ് റെജി ഒളിവിൽ കഴിഞ്ഞിരുന്നത്.കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്നാണു റെജി ഒളിവിൽ പോയത്. പല്ലാരിമംഗലം അടിവാടിൽ മിനി രാജു എന്ന വ്യാജപേരിൽ താമസിച്ചിരുന്ന റെജിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

1990 ഫെബ്രുവരി 21നാണ് മറിയാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുക്കളയിലെ കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി, ചെവി അറുത്തു മാറ്റി ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തു. മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാകുകയായിരുന്നു.

1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി റെജിയെ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോയി. പൊലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നിവിടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും റെജിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

മാവേലിക്കര പൊലീസ് റജിസ്റ്റർ ചെയ്ത പ്രമാദമായ ചാക്കോ കൊലക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന് ശേഷം കാലയവനികയ്ക്കുള്ളിൽ മറഞ്ഞുനിന്ന കുറ്റവാളിയായിരുന്നു റെജി. കൊലപാതകം നടന്ന് 33 വർഷവും, ശിക്ഷ വിധിച്ചിട്ട് 27 വർഷവുമായ കേസിൽ കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി രണ്ടിലെ ജഡ്ജി കെ.എൻ.അജിത് കുമാർ വാറന്റ് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്ക്കർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

റെജി മുംബൈയിലോ തമിഴ്നാട്ടിലോ ഗുജറാത്തിലോ ആണെന്നും അതല്ല ഏതോ അനാഥാലയത്തിൽ ആണെന്നും മറ്റും നാട്ടുകാരിൽനിന്നും അറിയാൻ കഴിഞ്ഞു. എന്നാൽ ബന്ധുക്കൾ ആരും തന്നെ റെജി ഒളിവിൽ പോയ ശേഷം പിന്നീട് കണ്ടിട്ടില്ല. പഴയ പത്രത്താളിൽനിന്നു കിട്ടിയ ഫോട്ടോയും കേസിൽ എഴുതപ്പെട്ട മേൽവിലാസവും മാത്രമാണ് പൊലീസിന്റെ കൈവശം ഉണ്ടായിരുന്നത്. റെജി കോവിഡ് വന്നു മരിച്ചുവെന്നും കിംവദന്തി പരന്നു. ഇവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ, വാക്സീൻ എടുത്തവരുടെ വിവരങ്ങൾ, ഊരുംപേരും ഇല്ലാതെ മരിച്ചവരുടെ വിവരങ്ങൾ എന്നിവ ശേഖരിച്ചു.

കേസിൽ ഹൈക്കോടതി വിധി വന്ന ശേഷം കാണാതായ സമയത്ത് അവർ എവിടെ ആയിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിലെ അയ്മനത്തും ചുങ്കത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കളപ്പണിക്കായി നിന്നിരുന്നു എന്നും ഒരു കെട്ടിട നിർമാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം അവിടേക്കു പോയി എന്നും വിവരം കിട്ടി. അന്വേഷണത്തിനൊടുവിൽ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തുകയായിരുന്നു.

1996 ൽ ഹൈക്കോടതി വിധി വന്നശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തിരുന്നു. ആ കാലയളവിൽ തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലായി. 1999ൽ ഇവർ വിവാഹിതരായി. കുറച്ചുനാൾ തക്കലയിലും പിന്നീട് കോതമംഗലത്ത്‌ പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്തും വന്ന് മിനി രാജു എന്ന പേരിൽ കുടുംബസമേതം താമസിച്ചു.

അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് നിന്നിരുന്ന റെജിയെ മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്‌, എസ്ഐ പ്രഹ്ലാദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു മുഹമ്മദ്‌, സുഭാഷ് എൻ.എസ്, സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്കർ, സിപിഒ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റെജിയെ ഇന്ന് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി–2ൽ ഹാജരാക്കും.

Achamma,accused-who-absconded-after-27-years-arrested

who absconded after 27 years arrested:

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading