𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടി; ലീഗിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി: എ വിജയരാഘവൻ.

തിരുവനന്തപുരം:-കെപിസിസി ജനറൽ സെക്രട്ടറി കെ. പി. അനിൽ കുമാർ പാർട്ടി വിട്ടതോടെ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും തകർച്ചക്ക് വേഗത കൂടിയതായി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. “കുടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് വിടുകയാണ്. കോൺഗ്രസ് വിടുന്നവർ എല്‍ഡിഎഫിനൊപ്പം ചേരും,” വിജയരാഘവന്‍ പറഞ്ഞു.

“യുഡിഎഫ് പ്രതിലോമ രാഷ്ട്രീയത്തിന്റെ ചേരുവയാണ്. കോൺഗസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. യുഡിഎഫിലെ കക്ഷികളും അസംതൃപ്തരാണ്. ലീഗിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി രൂക്ഷമാണ്,” വിജയരാഘവൻ പറഞ്ഞു.

നേരത്തെ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എകെജി സെന്ററിലെത്തിയത്. ഉപാധികളില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനിൽകുമാർ പറഞ്ഞു. കോൺഗ്രസ് വിട്ടു വരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് അനില്‍കുമാറിനെ സ്വീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

അതേസമയം മുതിർന്ന ചില നേതാക്കൾ കടുത്ത തീരുമാനത്തിന് തയ്യാറെടുക്കുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. “സുധാകരൻ താലിബാനെ പോലെയാണ്. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുകയാണ്. സുധാകരന് എല്ലാ സഹായവും ചെയ്യുന്ന സതീശനും ഭാവിയിൽ സുധാകരന്റെ അടി ഏൽക്കേണ്ടിവരും,” അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.