കൊച്ചി:-.ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹർജിയിൽ ആരോപിക്കുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ വിജയ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടില്ല.
സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണ സംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമ വാർത്ത കൊടുക്കുകയാണ് അന്വേഷണ സംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.
അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം, ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.
അതിനിടെ, വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.