സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍;

ന്യൂഡല്‍ഹി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിലക്ക് ലംഘിച്ച് കെവി തോമസ് പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. വിഷയത്തില്‍ രാവിലെ കെ വി തോമസുമായി സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.’പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. അല്ലെങ്കില്‍ പങ്കെടുക്കില്ലല്ലോ. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനം എടുത്താലെ പരിപാടിയില്‍ പങ്കെടുക്കൂ. അദ്ദേഹം പങ്കെടുക്കില്ലെന്നാണ് എന്റെ തിരിച്ചറിവും ഊഹവും.’ സുധാകരന്‍ പറഞ്ഞു.എംവി ജയരാജന് എന്തും പറയാം. ഞങ്ങള്‍ക്കവിടെ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും വികാരം ഉണ്ട്. അതിനെ ചവിട്ടിമെതിച്ച് സിപിഐഎമ്മിന്റെ വേദിയിലേക്ക് കയറി ചെല്ലാന്‍ ഒരു കോണ്‍ഗ്രസ് നേതാവിന് സാധിക്കില്ല. ഇത് കേരളത്തിലല്ലെങ്കിലും കോണ്‍ഗ്രസ് ഇത്രയും വാശിപിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. കേരളത്തില്‍ അത്രയും ഏകാധിപത്യപരമായ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് സന്ധി ചെയ്യാന്‍ ഞങ്ങളില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.23ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിലേക്കാണ് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനേയും കെവി തോമസിനേയും ക്ഷണിച്ചത്. എന്നാല്‍, സിപിഐഎമ്മിന്റെ പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഹൈക്കമാന്‍ഡും കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിനൊപ്പം നിന്നതോടെ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. സെമിനാറില്‍ പങ്കെടുക്കുന്നവരുടേതായി സിപിഐഎം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട പട്ടികയില്‍ കെവി തോമസിന്റെ പേരുണ്ട്. ഇതോടെ കെവി തോമസ് സെമിനാറില്‍ പങ്കെടുത്തേക്കുമെന്ന അഭ്യൂഹമുയര്‍ന്നത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top