തിരുവനന്തപുരം:
റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന വ്യക്തിയ്‌ക്ക് 5,000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും. കേന്ദ്ര സർക്കാർ പദ്ധതി വിജയം കണ്ടതിനെ തുടർന്നാണ് കേരള സർക്കാർ സംസ്ഥാനത്തും ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക,നിയമനൂലാമാലകളിൽ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവർക്ക് അംഗീകാരവും പാരിതോഷികവും നൽകുക എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ്-ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.
റോഡപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ പോലീസ് നടപടി ക്രമങ്ങളും നിയമനടപടികളും ആലോചിച്ച് പലരും മടിക്കാറുണ്ട്. നിരവധി പേരുടെ ജീവൻ റോഡിൽ പൊലിയാൻ ഇത് കാരണമാക്കിയിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണമാണ് കേന്ദ്ര സർക്കാർ ജീവൻ രക്ഷിക്കുന്നവർക്കായി പ്രത്യേക പാരിതോഷികം നൽകുന്ന ഗുഡ് സമരിറ്റൻ പദ്ധതി ആരംഭിച്ചത്. രക്ഷകരെ കേസുകളിൽ നിന്ന് ഒഴിവാക്കാൻ 134എ വകുപ്പ് ഉൾപ്പെടുത്തി മോട്ടോർ വാഹന നിയമം 2019ൽ ഭേദഗതി ചെയ്തിരുന്നു.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്ന വ്യക്തി പോലീസിൽ വിവരം അറിയിച്ചാൽ പൊലീസ് വ്യക്തിക്ക് ഔദ്യോഗിക രസീത് കൈമാറും. ഒന്നിലധികം പേർ അപകടത്തിൽപെടുകയും ഒന്നിലധികം പേർ ചേർന്നു രക്ഷപ്പെടുത്തുകയും ചെയ്യുന്ന സന്ദർഭത്തിൽ രക്ഷപ്പെട്ട ഓരോരുത്തർക്കും 5,000 രൂപ എന്നു കണക്കാക്കി രക്ഷിച്ച ഓരോ ആൾക്കും പരമാവധി 5000 രൂപ നൽകും. പദ്ധതി നടപ്പിലാക്കുവാനായി രൂപീകരിച്ച മേൽനോട്ട സമിതി പ്രതിമാസ യോഗം ചേർന്നു പാരിതോഷികം നൽകേണ്ടവരുടെ പട്ടിക സമർപ്പിക്കും.
പാരിതോഷികം നൽകേണ്ടവരെ വിലയിരുത്താൻ കലക്ടർമാരുടെ അദ്ധ്യക്ഷതയിൽ ജില്ലാതല സമിതികൾ വരും.ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവരെ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്.