Advertisements

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങില്‍ 50പേര്‍ക്ക് മാത്രം പങ്കെടുക്കാം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങില്‍ പരമാവധി 20പേര്‍. റമദാന്‍ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50പേര്‍ മാത്രം. ചെറിയപള്ളികളാണെങ്കില്‍ എണ്ണം ചുരുക്കണം. കലക്ടര്‍മാര്‍ മതനേതാക്കളുമായി ആലോചിച്ച്‌ തീരുമാനമെടുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം

ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് തല്‍ക്കാലം ഒഴിവാക്കണം. മെയ്‌ രണ്ടിനും അടുത്തദിവസവും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്തു. ആഹ്‌ളാദ പ്രകടനം ഒഴിവാക്കണം എന്ന നിര്‍ദ്ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുത്. ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മാത്രമേ അവിടെ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ എടുത്തവര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകം.

സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

By Inews

Leave a Reply