കാസർകോട്∙ “മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു”- മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ.
കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമർശം
നേരത്തേ ഐശ്വര്യകേരള യാത്രയുടെ തലശേരിയിലെ സ്വീകരണത്തിലും ഇത്തരത്തിൽ ആക്ഷേപിച്ചിരുന്നു. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ അതിരുവിട്ട് അധിക്ഷേപിച്ചപ്പോൾ കോൺഗ്രസുകാർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമർശവുമുണ്ടായി.