“എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് ബിജെപി വോട്ടുവാങ്ങി ജയിക്കാന്‍; കോണ്‍ഗ്രസ് മുക്ത കേരളത്തിന് ‘സുമാബി’ സഖ്യമെന്ന് ഫാത്തിമ തെഹ്ലിയ”
കോഴിക്കോട്: എസ്ഡിപിഐയുമായും ബിജെപിയുമായി ധാരണയിലെത്തി അധികാരത്തിലേറാനാണ് സിപിഎം ശ്രമമെന്ന് ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്ലിയ. കോണ്‍ഗ്രസ് അപ്രസക്തമായാല്‍ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടലെന്നും ഫാത്തിമ ആരോപിച്ചു. അതുകൊണ്ട് ഇക്കുറി സിപിഎമ്മിന് ബിജെപി വോട്ടു ചെയ്തേക്കുമെന്നുമാണ് വനിതാ നേതാവിന്റെ ആക്ഷേപം.
ഇത് കൃത്യമായി സിപിഐഎം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് സ്വീകാര്യനായ എ വിജയരാഘവനെ പാര്‍ട്ടി സെക്രട്ടറിയാക്കിയതെന്നും ബിജെപിയെ സുഖിപ്പിക്കുന്ന രീതിയില്‍ പൊലീസ് രാജും സവര്‍ണ സംവരണവും നടപ്പിലാക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ ആരോപിച്ചു.
ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,.
‘കോണ്‍ഗ്രസ് മുക്ത കേരളം കിനാവ് കാണുന്ന രണ്ട് സംഘടനകള്‍ തമ്മിലുള്ള സുമാബി സഖ്യമാകും 2021 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അപ്രസക്തമായാല്‍ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതുകൊണ്ട് തന്നെ ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ തോല്പിക്കാന് വേണ്ടി സിപിഎമ്മിന് വോട്ട് ചെയ്യുക എന്ന അടവ് നയമാകും 2021ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിക്കുക.
ബിജെപിയുടെ ഈ അടവ് നയം സിപിഎം കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ബിജെപിയെ അലോസരപ്പെടുത്തുന്ന ഒന്നും സിപിഎം ഇപ്പോള്‍ ചെയ്യാത്തത്. അതുകൊണ്ടാണല്ലോ ബി ജെ.പിക്ക് സ്വീകാര്യനായ എ. വിജയരാഘവനെ സെക്രട്ടറിയാക്കിയത്. അതുകൊണ്ടാണല്ലോ ബിജെപിയെ സുഖിപ്പിക്കുന്ന രീതിയില്‍ പൊലീസ് രാജും സവര്‍ണ സംവരണവും നടപ്പിലാക്കുന്നത്. അതുകൊണ്ടാണല്ലോ പാലത്തായി പീഡന കേസില്‍ ബിജെപി നേതാവിനെതിരെ ഇപ്പോഴും പോക്സോ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കാത്തത്. അതുകൊണ്ടാണല്ലോ സംഘപരിവാരിനെ നാണിപ്പിക്കും വിധം ഇസ്ലാമോഫോബിക്ക് പരാമര്‍ശങ്ങള്‍ സിപിഎം നേതാക്കളില്‍ നിന്ന് വരുന്നത്. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ദിവസം സംഘപരിവാര്‍ പ്രൊഫൈലുകളില്‍ പിണറായി വിജയനെ അഭിനന്ദിച്ചു വന്ന പോസ്റ്റുകള്‍ മാത്രം മതി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസും ബിജെപിക്ക് ഇപ്പോള്‍ എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാകാന്‍.
കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അത് വഴി തുടര്‍ച്ചയായി കേരള ഭരണം കയ്യാളാമെന്നുമാണ് സിപിഎം കണക്ക് കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമറിയാതെ എസ്.ഡി.പി.ഐയോട് സഖ്യം ഉണ്ടാക്കിയ സിപിഎം സമാന രീതിയില്‍ ബിജെപിയോട് രഹസ്യ സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ സുമാബി സഖ്യത്തെ മതേതര കേരളം തിരിച്ചറിഞ്ഞു തോല്പിക്കുക തന്നെ ചെയ്യും’