Advertisements

ന്യൂസ്ഡെസ്ക്: “രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും, നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ”. മലയാളികൾ എഴുതിയും പാടിയും പറഞ്ഞും പഠിച്ച വരികൾ .അതുകൊണ്ടുതന്നെ മലയാളികളുടെ ഹൃദയത്തിൽ മരണമില്ലാത്ത കവയത്രി ഇനിയുമൊരുപാടുകാലമുണ്ടാകും .ഇനിയും പറഞ്ഞും പഠിച്ചും ടീച്ചറുടെ വരികൾ ഇനിയും ഇവിടെ ഉയർന്നു കേൾക്കും

അൻപതുകൾക്ക് ഒടുക്കം വരെ കവിയത്രി, എഴുപതുകൾക്ക് ശേഷം പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി കലഹിച്ച പോരാളി, തൊണ്ണൂറുകളുടെ തുടക്കം മുതൽ ഉപേക്ഷിക്കപ്പെട്ട ആയിരങ്ങൾക്ക് അത്താണി.

അച്ഛൻ ബോധേശ്വരൻ്റെ പാത പിന്തുടർന്ന് തുടങ്ങിയ യാത്രയാണ് കവിയത്രിയുടേത്. സ്വന്തം പേരിൽ കവിത പ്രസിദ്ധീകരിക്കാൻ മടിച്ച് ശ്രീകുമാർ എന്ന പേരിലാണ് സുഗതകുമാരികവിതകൾ എഴുതി തുടങ്ങിയത് . 1950-കളുടെ തുടക്കത്തിൽ ഡോ. എസ്.രാധാകൃഷ്ണൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഈ ശ്രീകുമാർ .എന്നാൽ ആ പേരിനു പിന്നിലെ കവിയെ വെളിപ്പെടുത്തിയത് എൻ.വി.കൃഷ്ണവാരിയരാണ്.

അവിടെ നിന്നും അങ്ങോട്ട് സുഗതകുമാരി കവയത്രിയുടെ സ്വന്തം സ്വത്വത്തെ വെളിപ്പെടുത്തിയുള്ള പ്രയാണം ആരംഭിച്ചു. എല്ലാ കവിതകളിലും കൃഷ്ണനോടുള്ള ഭക്തി രസം മുന്നിൽ നിന്നു. ഭക്തിയും സമരവും പ്രണയവും സ്ത്രീത്വവും നാമ്പിട്ട കവിതകളിൽ രാധയും സതിയും ദേവകിയും ഗാന്ധാരിയും എന്നിങ്ങനെ പലയുഗം താണ്ടി വന്ന കാവ്യപ്രതീകങ്ങളായി കവിയത്രിമാറി. അന്തർമുഖത്വം ശീലിച്ച ആ കവിതകൾക്കും ജീവതത്തിനും ഭാവമാറ്റം സംഭവിക്കുന്നത് സൈലൻ്റ് വാലി പ്രക്ഷോഭത്തോടെയാണ്. അവിടെ നിന്നിങ്ങോട്ട് സുഗതകുമാരി പോരാളി കൂടിയായി. ഒരൊറ്റ സമരത്തിലൂടെ മലയാള ഭാവന അതിൻ്റെ പ്രകൃതി ബോധത്തെ വീണ്ടെടുത്തു.

സൈലൻ്റ വാലി മുന്നേറ്റത്തോടെയാണ് സുഗതകുമാരി പോരാളിയായി മാറിയത്. അവിടെ നിന്നും പൂയംകുട്ടിയും ജീരകപ്പാറയും ഒലിപ്പാറയും അച്ചൻകോവിലും പൊന്മുടി കാടുകളും മാവൂരും കൂടംകുളവും പെരിങ്ങോമും ആറന്മുളയും വരെ ആ സമരപരമ്പരകൾ നീണ്ടു. എഴുത്തുകാർ എഴുത്തിയാൽ മാത്രം പോരെന്ന് ഇത്രയും ആധികാരികമായി സാക്ഷ്യപ്പെടുത്തിയ മറ്റൊരു സാഹിത്യപ്രതിഭ മലയാളത്തിന് വേറെയില്ല. കവിതയും പ്രകൃതിയും പെണ്ണും സമരവും ഒന്നിക്കുന്ന കനലും കണ്ണീരും കൊണ്ടെഴുത്തിയ നിരാമയ ചിത്രങ്ങളായി ആ കവിതകൾ തുടർന്നു. ആവർത്തനവിരസമാവാം എങ്കിലും അസഹനീയമാകുമ്പോൾ ഞാൻ വീണ്ടും എഴുത്തുന്നുവെന്ന് കവി തന്നെ സമ്മതിച്ചു പലവട്ടം.

എഴുത്താനും പൊതുസേവനത്തിനും ഇന്നാട്ടിൽ പലരുമുണ്ട് എന്നാൽ ഇവ രണ്ടും ആർദ്രമായി ഇങ്ങനെ സമന്വയിപ്പിച്ച പ്രതിഭകൾ അധികമില്ല. അതിലേറ്റവും ഒടുവിലത്തെ മുന്നേറ്റമാണ് അഭയ. 1985-ൽ ഊളമ്പാറയിലെ മനോരോഗആശുപത്രിയിലെ ദുരവസ്ഥ കണ്ട് മനസ് തളർന്ന കവിയത്രി അശരണർക്ക് മുന്നിൽ വച്ച ഉത്തരമായിരുന്നു അഭയ. തുണ കൈവിട്ട പെണ്ണിന് ഒതുങ്ങിയിരിക്കാൻ അങ്ങനെയൊരു തള്ളച്ചിറകുണ്ടായി. സുഗതകുമാരിയുടെ ജീവിതത്തിന് മൂന്ന് മുഖങ്ങളുണ്ട്…. ഹൃദയത്തെ തൊട്ടാൽ പ്രതിഭ തുളുമ്പുന്ന കാവ്യമുഖം, പ്രകൃതിയെ തൊട്ടാൽ പ്രതിഷേധം തുളുമ്പുന്ന സമരം, ഉപേക്ഷിക്കപ്പെട്ടവർക്ക് മുന്നിൽ സ്നേഹം തുളുമ്പുന്ന അഭയമുഖം… ഒരു വേനലും സ്പർശിക്കാത്ത ആ കനിവും കവിത്വവും ഇനിയുള്ള കാലത്തിന് ജീവിതപാഠമാണ്… ഇനിയൊരിക്കലും അതിന് മരണമില്ല….

കോവിഡ് തളർത്തി ആശുപത്രി മുറിയ്ക്കകത്ത് സുഗതകുമാരി എന്ന മലയാളത്തിന്റെ അമ്മ അവസാന നിമിഷങ്ങളിലേയ്ക്കടുത്തപ്പോൾ ഒരു രാത്രിമഴ,മന്ദമായി ആ ആശുപത്രിക്കുള്ളിലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയിട്ടുണ്ടാകും ക്കിളിവാതില്‍വിടവിലൂടെ ഏറെ തണുത്ത കൈ വിരല്‍ നീട്ടിആ അമ്മയെ തൊട്ടിരിക്കാം ആരുമറിയാതെ

By Inews

Leave a Reply