Advertisements

എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്‌ക്ക്‌; സമൂഹം നല്‍കിയ അംഗീകാരമെന്ന് സക്കറിയ

തിരുവനന്തപുരം:(www.politicaleye.news)

ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ സക്കറിയയ്ക്ക്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അ‌ഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്കാരം.

സമൂഹം നല്‍കിയ അംഗീകാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്കാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ അദ്ധ്യക്ഷനും സച്ചിദാനന്ദന്‍, എം. തോമസ്മാത്യു, ഡോ. കെ ജി പൗലോസ്, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണിജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. തീയതി പിന്നീട്അറിയിക്കും.
ജൂറി നിരീക്ഷണം
പോള്‍ സക്കറിയ എന്ന സക്കറിയ അര നൂറ്റാണ്ടിലേറെക്കാലമായി മലയാളസാഹിത്യത്തിനും മലയാളിയുടെ ചിന്തയ്ക്കും നല്‍കിയ സംഭാവനകള്‍ അതുല്യമാണ്.

മലയാള സാഹിത്യത്തില്‍ തന്‍റെ കഥകളും ചെറുനോവലുകളും വഴി ഒരേസമയം സൗന്ദര്യാത്മകവും നൈതികവുമായ ഒരു വഴിത്തിരിവുണ്ടാക്കാനും നമ്മുടെ ആഖ്യാന സാഹിത്യത്തില്‍ ദുരന്തബോധവും നര്‍മ്മബോധവും സമന്വയിക്കുന്ന ഒരു നവീന ഭാവുകത്വത്തിന്‍റെ അടിത്തറ പാകാനും സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ തന്‍റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലേഖനങ്ങള്‍, പംക്തികള്‍, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ കേരളീയ സാമൂഹ്യജീവിത സമസ്യകളെക്കുറിച്ചു സ്വതന്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളെ ഉണര്‍ത്തി ചിന്തിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചുപോരുന്നു. പല ഭൂഖണ്ഡങ്ങളിലേക്കും നടത്തിയ യാത്രകളുടെ ലളിത സുഭഗമായ ആഖ്യാനങ്ങളിലൂടെ മലയാളികളുടെ അനുഭവ ചക്രവാളം വികസിപ്പിക്കുവാനും സക്കറിയയ്ക്ക് കഴിഞ്ഞിട്ടുണ്ട് .
സച്ചിദാനന്ദന്‍ (ജൂറിഅംഗം).

By Inews

Leave a Reply