തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന തട്ടിപ്പ് നടക്കുന്നത് വ്യാജരേഖകള്‍ മറയാക്കിയെന്ന് ൈക്രംബ്രാഞ്ച് കണ്ടെത്തല്‍. പണം നല്കി അവയവം വാങ്ങിയശേഷം, ദാതാക്കള്‍ നല്‍കേണ്ട സാമൂഹിക പ്രതിബദ്ധത സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജമായി തയാറാക്കുകയാണ്.
തട്ടിപ്പിനു പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇൗ വിഷയത്തില്‍ വിശദ അന്വേഷണം നടത്തും. രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്കി. ഇരകളില്‍ ഏറെയും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്.
സ്വകാര്യ ആശുപത്രികളില്‍ അവയവം മാറ്റിവെക്കേണ്ടവര്ക്കായി ദാതാക്കളെ കണ്ടെത്തുന്നത് ഏജന്റുമാരാണ്. ദാതാക്കള്‍ക്ക് പണം നല്‍കിയശേഷം അവരുടെ അറിവോടെ തന്നെയാണ് വ്യാജരേഖകള്‍ തയാറാക്കുന്നത്. സര്‍ക്കാറിെന്റ മൃതസഞ്ജീവനി എന്ന പദ്ധതിയെ അട്ടിമറിച്ചാണിത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന 35 അവയവദാനങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.
കോളനികളില്‍ താമസിക്കുന്നവര്‍ മുതല്‍ ഗുണ്ടകളും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുമുള്പ്പെടെ തട്ടിപ്പിനിരയായിട്ടുണ്ട്. തുച്ഛമായ പണം നല്‍കിയാണ് അവയവം വാങ്ങിയത്. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബദ്ധത സര്‍ട്ടിഫിക്കറ്റിലും ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചത്.
അവയവം സ്വീകരിച്ച പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാല്‍ അവരുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യവകുപ്പ് നല്കുന്ന രേഖകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സര്‍ക്കാറിെന്റ അവയവദാന പദ്ധതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മാഫിയയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
കൈമാറ്റമല്ല വ്യാപാരം; മാഫിയക്കിഷ്ടം വൃക്കകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടെ വന്‍തോതില്‍ അവയവ ‘വ്യാപാരം’ നടന്നതായി ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. ഇതിനു പിന്നില്‍ സംഘടിത ഗൂഢാലോചനയും നിയമലംഘനവും നടന്നു. ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്.പി കെ.എസ്. സുദര്‍ശനാണ് അന്വേഷണച്ചുമതല. തിരിച്ചറിയാത്തവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്.
2012 മുതല്‍ ഇതുവരെ മസ്തിഷ്ക മരണം സംഭവിച്ച 314 പേരില്‍നിന്ന് 888 അവയവങ്ങള്‍ സ്വീകരിച്ചു. കൂടുതല്‍ പേര്‍ക്ക് കൈമാറിയത് വൃക്കയാണ് -542. 2015ന് ശേഷം മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതില്‍ കുറവുണ്ടായി. 2015ല്‍ 218 പ്രധാന അവയവങ്ങള്‍ ദാനം ചെയ്ത സ്ഥാനത്ത് 2018ല്‍ 29ഉം 2019ല്‍ 55ഉം 2020ല്‍ 61ഉം അവയവങ്ങളാണ് ദാനം ചെയ്തത്. 2015ല്‍ 132 വൃക്കകള്‍ ദാനം ചെയ്തിടത്ത് 2020ല്‍ 35 എണ്ണം മാത്രം.
മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവം മാറ്റുന്നത് സങ്കീര്‍ണ പ്രക്രിയയായതിനാല്‍ പല ആശുപത്രികള്‍ക്കും താല്പര്യക്കുറവാണ്. മരണശേഷം അവയവം ദാനംചെയ്യാന് ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, മരണാനന്തരം ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ അവയവം എടുക്കാനാകൂ.
ഉറ്റ ബന്ധുക്കള്‍ ദാതാക്കളാകുന്ന ലൈവ് ഡോണര്‍ ട്രാന്സ്പ്ലാന്റേഷന് അനുമതി നല്കാന് പ്രത്യേക സര്‍ക്കാര്‍ കമ്മിറ്റിയുണ്ട്. നാലു വര്‍ഷത്തിനിടെ 2392 വൃക്കകളും 503 കരളും ഇങ്ങനെ ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, കോവിഡ് ബാധക്കുശേഷം അവയവദാനത്തിന് തിരിച്ചടി നേരിട്ടു. 2019ല്‍ 690 പേര് വൃക്കകള്‍ ദാനം ചെയ്തപ്പോള്‍ ഈ വര്‍ഷം ദാനം ചെയ്തത് 307പേര് മാത്രമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.