ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ സമ്പന്നൻ ആണ്. . അദ്ദേഹത്തിന്റെ ആസ്തിയില്‍ 15 മാസത്തിനിടെ 36.53ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സാബത്തിക വര്‍ഷം 1.39 കോടിയായിരുന്ന സബാദ്യം ഈ വര്‍ഷം 1.75 കോടിയായി വര്‍ദ്ധിച്ചു. 2020 ജൂണ്‍ 30 വരെയുളള ആസ്തിവിവര കണക്കാണ് പുറത്തുവിട്ടത്.
മോദിയുടെ സേവിംഗ്സ് അക്കൗണ്ടില്‍ 3.38ലക്ഷം രൂപയാണ് ബാലന്‍സ് ഉളളത്.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇത് വെറും 4,143 രൂപമാത്രമായിരുന്നു. എസ് ബി ഐ ഗാന്ധിനഗര്‍ ശാഖയിലെ സ്ഥിരനിക്ഷേപം 1.60 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 1.27 കോടിരൂപയായിരുന്നു. മോദിയുടെ കൈയിലുളളത് 31,450 രൂപ മാത്രമാണ്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 8,43,124 രൂപയും 1,50,957 രൂപയുടെ ഇന്‍ഷ്വറന്‍സും ടാക്സ് സേവിംഗ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയുടെ നിക്ഷേപവും അദ്ദേഹത്തിനുണ്ട്. ഈ നിക്ഷേപങ്ങളില്‍ നിന്നുളള പലിശയും ആസ്തിവര്ദ്ധനവിന് കാരണമായിട്ടുണ്ട്.
എന്നാല്‍ മോദിയുടെ വസ്തുവക ആസ്തിയില്‍ മാറ്റമില്ല.1.10കോടി രൂപ വിലവരുന്ന ഗാന്ധിനഗറിലെ വീടും സ്ഥലവുമാണ് ആസ്തിവിവരക്കണക്കില് അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കുടുംബാംഗങ്ങള്‍ക്കും അവകാശമുണ്ട്. ഇതിനാെപ്പം നാല് സ്വര്‍ണമോതിരങ്ങളും അദ്ദേഹത്തിനുണ്ട്. ഇതിന് 1.5 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. സ്വന്തമായി വാഹനങ്ങളോ ബാങ്ക് ലോണോ അദ്ദേഹത്തിന്റെ പേരിലില്ല