Advertisements

കെയ്‌റോ: ഈജിപ്തില്‍ 2500 വര്‍ഷം പഴക്കമുള്ള 59 മമ്മികളെ കണ്ടെത്തി. യുനസ്‌കോയുടെ പൈതൃക കേന്ദ്ര പട്ടികയിലുള്ള പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായ സഖറയില്‍ നിന്നാണ് ഈ ശവശരീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

മമ്മിഫൈഡ് ചെയ്ത് സൂക്ഷിച്ച ശവശരീരങ്ങള്‍ ശവപ്പെട്ടിക്കുള്ളില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഈ തുണികളില്‍ കടുത്ത നിറത്തില്‍ ചില ലിഖിതങ്ങള്‍ കുറിച്ചിട്ടുമുണ്ട്. 4700 വര്‍ഷം പഴക്കമുള്ള ജോസര്‍ പിരമിഡിന്റെ സമീപത്തു നിന്നാണ് ഇവ കണ്ടെത്തിയത്.

‘ഇവയില്‍ ഒരു ശവപ്പെട്ടി തുറക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഈ മമ്മി കണ്ടപ്പോള്‍ ഇന്നലെ അടക്കം ചെയ്തതു പോലെയാണ് തോന്നുന്നത്,’ ഈജിപ്ത് ടൂറിസം, പുരാവസ്തു മന്ത്രി ഖാലിദ് അല്‍ അനാനി പറഞ്ഞു.
കണ്ടെത്തിയ ശവപ്പെട്ടികളില്‍ ഒന്ന് ശനിയാഴ്ച മാദ്ധ്യമങ്ങള്‍ക്ക് മുമ്ബില്‍ തുറന്നു.

കഴിഞ്ഞ ആഴ്ച സമാനമായി 13 ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരത്തില്‍ ഒരുപാട് ശവശരീരങ്ങള്‍ മമ്മിഫൈഡ് ചെയ്ത് ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകും എന്നാണ്, മന്ത്രി പറയുന്നത്. ഇപ്പോള്‍ കണ്ടെത്തിയ മമ്മികളെ ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റും.

അടുത്തിടെ സഖാറയില്‍ നടത്തിയ ഖനനത്തില്‍ മമ്മിഫൈഡ് ചെയ്ത പാമ്ബുകള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയെ കണ്ടെത്തിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ ടൂറിസം പ്രതിസന്ധി നേരിടുന്നതിനിടയിലാണ് പുതിയ കണ്ടുപിടുത്തം.

എന്താണ് മമ്മിഫിക്കേഷന്‍?

മമ്മിഫിക്കേഷന്‍ അഥവാ മൃതദേഹത്തെ മമ്മിയായി രൂപാന്തരപ്പെടുത്തുന്ന രീതി ലോകത്തിലെ എക്കാലത്തെയും അത്ഭുത ശാസ്ത്രീയ വിദ്യയാണ്. ശവശരീരം അഴുകാതിരിക്കാന്‍ മൃതദേഹത്തിലെ ജലാംശം മുഴുവന്‍ പുറം തള്ളുന്നതാണ് ഇതിന്റെ ആദ്യ പടി. തുടര്‍ന്ന് അത്യപൂര്‍വമായ സുഗന്ധ തൈലങ്ങളും മറ്റും ഉപയോഗിച്ച്‌ മൃതദേഹത്തെ കുളിപ്പിക്കുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ പൂശിയ തുണിയില്‍ പൊതിയുന്ന മൃതദേഹങ്ങള്‍ ആയിരം കൊല്ലം കഴിഞ്ഞാലും കേടുകൂടാതെ കിടക്കും. ഏതാണ്ട് 40 ദിവസം നീണ്ടുനില്‍ക്കുന്ന അതിസങ്കീര്‍ണമായ പക്രിയയാണിത്. നിരവധി വൈദ്യന്മാരും പുരോഹിതന്മാരും ഈ പ്രക്രിയയില്‍ പങ്കുചേര്‍ന്നിരുന്നു.

By Inews

Leave a Reply