Advertisements

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കയുണ്ടാക്കുന്നുയെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കൊവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും രഘുറാം രാജന്‍ പറഞ്ഞു. തന്റെ ലിങ്ക്ഡ് ഇന്‍ പേജില്‍ എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ രഘുറാം രാജന്‍ വിലയിരുത്തുന്നത്.

ഈ വര്‍ഷം  ആദ്യപാദത്തില്‍ തന്നെ ജി.ഡി.പി 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംഘടിത മേഖലകളിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജി.ഡി.പി നിരക്കിലെ ഇടിവ് ഇതിലും വലുതായിരിക്കുമെന്ന് രഘുറാം രാജന്‍ പറയുന്നു. 
രാജ്യത്ത് മധ്യവര്‍ഗ വിഭാഗം ചെലവിടുന്നത് കുറഞ്ഞത് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി. സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് തകര്‍ന്നടിയുമെന്ന സൂചനയും അദ്ദേഹം നല്‍കി. 
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

By Inews

Leave a Reply