Advertisements

ന്യൂഡല്‍ഹി: ചൈന നടത്തുന്ന കടന്നുകയറ്റമാണ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. മോസ്‌കോയില്‍ നടന്ന പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരാമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ ആവശ്യപ്രകാരമാണ് ഷാന്‍ഹായ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണകളും ലംഘിച്ചുകൊണ്ട് ചൈന നടത്തുന്ന പ്രകോപനമാണ് അതിര്‍ത്തിയിലെ പ്രശ്ങ്ങള്‍ക്ക് കാരണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചയില്‍ അറിയിച്ചു.

ചൈന പ്രകോപനം അവസാനിപ്പിച്ചാല്‍ അതിര്‍ത്തി ശാന്തമാകുമെന്നും ഇന്ത്യയുടെ പാരമാധികാരം ചോദ്യം ചെയ്യുന്ന നടപടികളെ ശക്തമായിത്തന്നെ സൈന്യം നേരിടുമെന്നുമുള്ള കടുത്ത നിലപാടാണ് ഇന്ത്യ ചര്‍ച്ചയില്‍ സ്വീകരിച്ചത്. സംഘര്‍ഷം ഒഴിവാക്കുന്നതിന് നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ച തുടരാമെന്നും ഇന്ത്യ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയമാണ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചത്. അതേസമയം പ്രശ്നങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്ന പ്രതികരണമാണ് ചര്‍ച്ചക്ക് ശേഷം ചൈന നടത്തിയത്.

By Inews

Leave a Reply