ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം . ഗോഹൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ജബൽപൂർ ജില്ലാ കളക്ടർ അല്ലയ്യ രാജ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.നാല് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ജബൽപൂർ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ ബഹുഗുണ പറഞ്ഞു. പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മൊത്തം 12ലേറെപ്പെർക്ക് പരിക്കേറ്റു.ആശുപത്രിയിൽ നിന്ന് ഒഴിപ്പിക്കാൻ ഒരുവഴി മാത്രമുണ്ടായിരുന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ അഗ്നിശമന സേനയുടെ വാഹനങ്ങൾക്കുപോലും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.
പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകുമെന്നും ചൗഹാൻ ട്വിറ്ററിൽ കുറിച്ചു. പരിക്കേറ്റവരുടെ പൂർണ ചികിൽസാ ചെലവും സർക്കാർ വഹിക്കും.പരിക്കേറ്റവർക്ക് 50000 രൂപ ധനസഹായവും നൽകും.
