സാഹചര്യം അനുകൂലം ;കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി ചുമതലയിൽ എത്തിയേക്കും,

തിരുവനന്തപുരം: തുടർചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകൻ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് സാദ്ധ്യതയെന്ന് കരുതിയെങ്കിലും കോടിയേരി സ്ഥാനം ഏ‌റ്റെടുക്കാൻ ഇനി വൈകേണ്ടതില്ല എന്ന സൂചനയാണ് പാർട്ടി നേതൃത്വം നൽകിയത്.

ആരോഗ്യപ്രശ്‌നങ്ങളും കള‌ളപ്പണം വെളുപ്പിക്കൽ കേസിൽ മകനായ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനും പിറകെയാണ് കോടിയേരി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തുടർചികിത്സ വേണമെന്ന് പറഞ്ഞായിരുന്നു അത്. 2020 നവംബർ 13നാണ് കോടിയേരി സ്ഥാനത്ത് നിന്നും മാറിയത്. ഒരു വർഷത്തിന് ശേഷം ബിനീഷിന് ജാമ്യം ലഭിക്കുകയും രോഗം ഭേദമാകുകയും ചെയ്‌തതോടെ കോടിയേരിയുടെ മുന്നിലെ തടസങ്ങൾ മാറിയെന്നും സ്ഥാനത്തേക്ക് തിരികെ വരാമെന്നുമാണ് പാർട്ടിയിലെ മ‌റ്റ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്.

കോടിയേരി മാറിയതോടെ ഇപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് എ.വിജയരാഘവനാണ്. കൊവി‌ഡ് രോഗത്തെ തുടർന്ന് എ.വിജയരാഘവൻ കഴിഞ്ഞ സംസ്ഥാന സമിതിയിൽ എത്തിയില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും തീരുമാനം. നാളെ നടക്കുന്ന പാർട്ടി സെക്രട്ടറിയേ‌റ്റിൽ വിജയരാഘവൻ പങ്കെടുക്കുന്നുണ്ട്. ഇതിൽ കോടിയേരി പാർട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Leave a Reply