മൂഫിയ പർവീൺ ഒരു ഓർമ്മ പെടുത്തൽ ആണ്, സോഷ്യൽ മീഡിയ പ്രണയത്തിന്റെ ചതിക്കുഴികളിൽ പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ആദ്യത്തെ വ്യക്തിയല്ല മൂഫിയ പർവീൺ;

ന്യൂസ്‌ ഡസ്ക് : സോഷ്യല്‍ മീഡിയ ചതിക്കുഴികളില്‍ വീണ് രക്തസാക്ഷികളാകേണ്ടി വന്നവരുടെ ഗണത്തിലേക്ക് മൂഫിയയും. ഭര്‍തൃവീട്ടിലെ പീഡനവും ആലുവ സി.ഐ മോശമായി പെരുമാറിയതായും ആരോപിച്ച്‌ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി ആലുവ എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ ഗ്യാസ് ഗോഡൗണിന് സമീപം കക്കാട്ടില്‍ ‘പ്യാരിവില്ല’യില്‍ ദില്‍ഷാദിന്‍റെ മകള്‍ മൂഫിയ പര്‍വീനിന്‍റെ (21) ജീവിതം മാറ്റിമറിച്ചതും “ഫേസ്ബുക്ക് പ്രണയമായിരുന്നു”



.താന്‍ കണ്ടെത്തിയ മാന്യനായ ജീവിതപങ്കാളിയുടെ യഥാര്‍ത്ഥ മുഖം കണ്ടതുമുതല്‍ തീരാദു:ഖത്തിലായിരുന്നു മൂഫിയ പര്‍വീന്‍. കോതമംഗലം സ്വദേശി സുഹൈലിനെ പരിചയപ്പെടുമ്ബോള്‍ അയാളില്‍ യാതൊരു കുറ്റവും മൂഫിയ കണ്ടിരുന്നില്ല. സുഹൈലിന്‍റെ വീട്ടുകാര്‍ വിവാഹാലോചന നടത്തിയപ്പോഴും അവരെ കുറിച്ച്‌ മൂഫിയക്കും വീട്ടുകാര്‍ക്കും മതിപ്പായിരുന്നു. എങ്കിലും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം വിവാഹം ഉടനെ നടത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, സുഹൈലിന്‍റെ വീട്ടുകാര്‍ തങ്ങള്‍ക്ക് കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് നിക്കാഹ് നടത്തി.


നിക്കാഹിന്‍റെ ഭാഗമായുള്ള ആഘോഷം കോവിഡ് ഇളവിനെ തുടര്‍ന്ന് ഡിസംബറില്‍ നടത്താനിരിക്കുകയായിരുന്നു. നിക്കാഹ് കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോള്‍ മുതല്‍ മൂഫിയയെ പലപ്പോഴും സുഹൈലിന്‍റെ വീട്ടില്‍ നിര്‍ത്താനായി കൊണ്ടുപോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് സുഹൈലും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെടാന്‍ തുടങ്ങിയത്. സുഹൈലിന് ബിസിനസ് ചെയ്യാനടക്കം പണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വിവാഹത്തിന് മുമ്ബ് പറഞ്ഞിരുന്നത് സുഹൈല്‍ ഗള്‍ഫില്‍ പോകുമെന്നായിരുന്നു. എന്നാല്‍, വിവാഹശേഷം അതുണ്ടായില്ല. പല തരത്തിലുള്ള ജോലികളെ കുറിച്ച്‌ പറഞ്ഞിരുന്നെങ്കിലും അതിനൊന്നും പോകുന്നുണ്ടായിരുന്നില്ല.
സ്ത്രീധനത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസത്തോളമായി മൂഫിയ സ്വന്തം വീട്ടിലാണ് നിന്നിരുന്നത്. താന്‍ കണ്ടെത്തിയ ജീവിത പങ്കാളി തന്നെ ചതിച്ചതില്‍ ഏറെ ദുഃഖിതയായിരുന്നു. എങ്കിലും അയാള്‍ക്കെതിരെ നിയമ പോരാട്ടം നടത്താന്‍ തന്നെയാണ് യുവതി തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നാരോപിച്ച്‌ ദേശീയ മനുഷ്യാവകാശ കമീഷനിലടക്കം പരാതി നല്‍കി. ഇതേ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ പരാതി റൂറല്‍ എസ്.പിക്ക് കൈമാറി. എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി.ഐ ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ചത്.
അവസാന അത്താണിയായി തനിക്ക് നീതി ലഭിക്കുമെന്ന് കരുതി സമീപിച്ച സി.ഐയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം മൂഫിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഏറെ സ്നേഹിച്ച ഭര്‍ത്താവില്‍ നിന്നുണ്ടായ ദുരനുഭവത്താല്‍ വേദനയോടെ ജീവിച്ചിരുന്ന മൂഫിയയെ ഇത് പാടെ തകര്‍ത്തുകളഞ്ഞു. അതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യ കുറിപ്പിലും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply