കണ്ണൂർ: ഹലാൽ വിവാദം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണ് ഇപ്പോൾ വിഷയം ഉയർത്തി കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്ന് മാത്രമേ അർത്ഥമുള്ളൂവെന്നും ഇന്ത്യൻ പാർലമെന്റിൽ നൽകുന്ന ഭക്ഷണത്തിൽ വരെ ഹലാൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോവധ നിരോധന നിയമത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് സംഘർഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾ ഒരു അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന രീതിയും നിലവിലുണ്ട്. കേരളത്തിൽ ഉയർന്നു വരുന്ന ഹലാൽ വിവാദം ഈ അജണ്ടയുടെ ഭാഗമാണ്. എന്നാൽ വിവാദം ഉയർത്തി കൊണ്ട് വന്നതിന് ശേഷം അതിലെ പൊള്ളത്തരം അവർക്കും മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുണ്ടാക്കി സംസ്ഥാനത്ത് ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണമെന്നും അതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.